ഏജന്റ്, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. പ്രായം വെറും നമ്പർ മാത്രമാണെന്ന് ഇന്നും മലയാളികളെ തെളിയിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ സിനിമാ കരിയർ ആരംഭിച്ചിട്ട് കഴിഞ്ഞ ദിവസം 51 വർഷമായി. 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിൽ ആദ്യമായി മുഖം കാണിച്ച മമ്മൂട്ടിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക ആകുന്നതിന് അദ്ദേഹം ചെയ്ത പ്രയത്നങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ഇത്രയും വർഷത്തിനിടയിൽ മമ്മൂട്ടി എന്ന അതുല്യപ്രതിഭ വെള്ളിത്തിരയിൽ കെട്ടാത്ത വേഷങ്ങളില്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഒരിക്കലും സ്റ്റാർ‌ ആകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് മമ്മൂട്ടി. 

"ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല", എന്നാണ് മമ്മൂട്ടി പറഞ്ഞത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമിന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങളുമായി സംവാദിക്കവേ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

സിനിമ അല്ലാതെ മറ്റൊന്നും തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. മറ്റൊന്നും തേടി ഞാൻ പോയിട്ടില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള്‍ സൂക്ഷിക്കുന്നത്. പ്രേക്ഷകര്‍ക്ക് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലും ഉണ്ടെന്നും മമ്മൂട്ടി പറയുന്നു.

ഓരോ പെണ്ണും ഒരു നായികയാണ്; 'സോളമന്റെ തേനീച്ചകളിലെ' മനോഹരഗാനം എത്തി

അതേസമയം, ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോൾ. ഉദയകൃഷ്‍ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂയംകുട്ടിയില്‍ ആണ് പുരോ​ഗമിക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷനാണ്. ചിത്രത്തിൽ വിക്രത്തിലൂടെ ശ്രദ്ധനേടിയ വാസന്തിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ 'ആറാട്ടി'ന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ ​ഗണത്തിൽപ്പെടുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുകയെന്നാണ് വിവരം. ഏജന്റ്, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.