ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും ലിജോയെയും പ്രശംസിച്ച് കൊണ്ടാണ് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

ലയാളികൾ ഏറെ നാളായി കാത്തിരുന്ന മമ്മൂട്ടി സിനിമയാണ് 'നൻപകൽ നേരത്ത് മയക്കം'. മലയാളത്തിന്റെ സുപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നു എന്നത് തന്നെയായിരുന്നു ആ കാത്തിരിപ്പിന് കാരണം. ഒടുവിൽ ഇരുപത്തെഴാമത് ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിച്ചിരിക്കുകയാണ്. ഐഎഫ്എഫ്കെ വേദികളിൽ ഒന്നായ ടാ​ഗോർ തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നത്. 

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും ലിജോയെയും പ്രശംസിച്ച് കൊണ്ടാണ് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷർ ഒന്നടങ്കം പറയുന്നു. ഇപ്പോഴിതാ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് മമ്മൂട്ടി. 'ഐഎഫ്എഫ്കെയിൽ നിന്നുള്ള നൻപകൽ നേരത്ത് മയക്കത്തിന്റെ എല്ലാ പ്രതികരണങ്ങളും അവലോകനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നു' എന്നാണ് മമ്മൂട്ടി നന്ദി പോസ്റ്റർ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 

അതേസമയം, മൂന്ന് ദിവസമാണ് നന്‍പകല്‍ നേരത്ത് മയക്കം ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നത്തേത് കൂടാതെ 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ചിത്രത്തിന്റെ പ്രദർശനം നടക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. 

'യങ്സ്റ്റേഴ്സ്' ചിത്രവുമായി ഉണ്ണി മുകുന്ദൻ; 'എന്നും ഒരേയൊരു ഗ്ലാമർ കിംഗ് മമ്മൂക്ക' എന്ന് ആരാധകര്‍

അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ബി.ഉണ്ണികൃഷ്ണൻ ആണ് സംവിധാനം. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.