ചിരഞ്ജീവിക്ക് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി. 

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ പിറന്നാളാണ് ഇന്ന്. ഒരാഴ്ച മുൻപ് തന്നെ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷ പരിപാടികൾ ആരാധകർ തുടങ്ങിയിരുന്നു. ഇന്നിതാ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് മെ​ഗാ സ്റ്റാറിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ പ്രിയ സുഹൃത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. 

'ജന്മദിനാശംസകൾ പ്രിയ ഭായ്. നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ. അനുഗ്രഹീതനായി നിലകൊള്ളൂ', എന്നാണ് ചിരഞ്ജീവിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി ട്വീറ്റ് ചെയ്തത്. മമ്മൂട്ടിയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ചിരഞ്ജീവിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. 'രണ്ട് മെഗാസ്റ്റാറുകളും ഒരു ഫ്രെയിമിൽ, തെലുങ്ക് മെഗാസ്റ്റാറിന് ആശംസകളുമായി മലയാളത്തിന്റെ മെഗാസ്റ്റാർ', എന്നിങ്ങനെയാണ് ആരാധക കമന്റുകൾ. 

Scroll to load tweet…

അതേസമയം, ചിരഞ്ജീവിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗോഡ്‍ഫാദര്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ തെലുങ്ക് വെര്‍ഷനാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ മലയാളികളും കാത്തിരിക്കുന്നുണ്ട് ഗോഡ്‍ഫാദറിനായി. മോഹന്‍ലാലിന്‍റെ കഥാപാത്രമായാണ് ചിരഞ്ജീവി ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്‍റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക.

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.