മോഹന്‍ലാലുമായുള്ള സിനിമ കാരണം തന്റെ വിവാഹം മുടങ്ങേണ്ടതായിരുന്നു എന്ന് നടൻ മണിയൻപിള്ള രാജു വെളിപ്പെടുത്തുന്നു. ഒടുവിൽ ഏറെ പണിപ്പെട്ട് അദ്ദേഹം ആ വിവാഹം നടത്തി.

ലയാളികൾക്ക് പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. പതിറ്റാണ്ടുകളായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളിപ്പോൾ ശ്രദ്ധനേടുകയാണ്. മോഹൻലാലും താനും ഒന്നിച്ചൊരു സിനിമ കാരണം വിവാഹം മുടങ്ങിയ വക്കിലെത്തിയെന്ന് മണിയൻപിള്ള പറയുന്നു. അറിയാത്ത വീഥികള്‍ എന്നാണ് ആ സിനിമയുടെ പേര്.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ

കെ എസ് സേതുമാധവന്‍റെ അറിയാത്ത വീഥികള്‍ എന്നൊരു സിനിമ. ജോണ്‍ പോളിന്‍റെ സ്ക്രിപ്റ്റ്. ഞാന്‍ എന്‍റെ വീട്ടിലെ അച്ഛന്‍ മധു സാറ്, അമ്മ സുകുമാരി ചേച്ചി. അവിടുത്തെ ഡ്രൈവറാണ് മോഹന്‍ലാല്‍. എന്‍റെ കഥാപാത്രം അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടിയെ കയറി പിടിക്കുന്നു. അപ്പോഴേക്കും മോഹന്‍ലാല്‍ വരുന്നു. തര്‍ക്കം നടക്കുന്നു. അതിനിടയില്‍ നടിയുടെ വായില്‍ പൊത്തുമ്പോള്‍ മരിക്കുന്നു. മോഹന്‍ലാലാണ് കൊന്നതെന്ന് പറഞ്ഞ് കേസാകുന്നു. കോടതിയില്‍ എത്തുന്നു. ക്ലൈമാക്സില്‍ മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ വിധിക്കും. വിധി നടപ്പാക്കി. എന്‍റെ ലൈഫ് കോഞ്ഞാട്ടയായി. ഒരുദിവസം വെള്ളമടിച്ച് അച്ഛനോട് താനാണ് കൊന്നതെന്ന് പറയുന്നു. അതാണ് അതിന്‍റെ കഥ. 

ആ സിനിമ ഇറങ്ങുന്ന സമയത്ത് എനിക്ക് കല്യാണ ആലോചനകള്‍ നടക്കുന്നുണ്ട്. ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു. പക്ഷേ ഒറ്റ മകളാണ് സിനിമാക്കാരന് കൊടുക്കില്ലെന്ന് പറഞ്ഞു. ഒടുവില്‍ എന്‍റെ ഒരു സിനിമ കാണാമെന്ന് പറഞ്ഞ് അറിയാത്ത വീഥികള്‍ കാണാന്‍ അവരെ കൊണ്ടു പോയി. പടം തീര്‍ന്ന ഉടനെ പെണ്‍കുട്ടിയുടെ അച്ഛന്‍ ‘ഈ അലവിലാതിയെ ആണോ കെട്ടാന്‍ പോകുന്നത്. മോഹന്‍ലാലിനെ തൂക്കിക്കൊന്നവനെ ആണോ മോള്‍ക്ക്’ ആലോചിക്കുന്നത് എന്ന് പറഞ്ഞു. കല്യാണം മുടങ്ങി. ഒടുവില്‍ വേറെ വഴിയിലൂടെ ട്രൈ ചെയ്താണ് വിവാഹം കഴിച്ചത്. ഇന്നവളെന്‍റെ കൂടെയുണ്ട്. അച്ഛന്‍ എക്സ് മിലിറ്ററിയായിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming