Asianet News MalayalamAsianet News Malayalam

' ദിവസങ്ങൾക്ക് ശേഷമുള്ള എൻ്റെ പെണ്ണിൻ്റെ ചിരിക്ക് കടപ്പെട്ടിരിക്കുന്നു'; ബീന കൊവിഡ് മുക്തയായെന്ന് മനോജ്

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി ബീന ആന്റണി രോഗമുക്തയായി. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ബീന ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ്  മനോജ് നേരത്തെ വീഡിയോ പങ്കുവച്ചിരുന്നു

actor manoj kumar about covid cured beena antony
Author
Kerala, First Published May 16, 2021, 5:13 PM IST

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി ബീന ആന്റണി രോഗമുക്തയായി. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ബീന ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ്  മനോജ് നേരത്തെ വീഡിയോ പങ്കുവച്ചിരുന്നു. ഇരുവരുടെയും മകനോടൊപ്പം വീഡിയോയിൽ എത്തിയായിരുന്നു മനോജ് സങ്കടം പങ്കുവച്ചത്. ​

ഒമ്പതാം ദിവസം ബീന തിരിച്ച് വീട്ടിലെത്തിയ ഒരു ചിത്രം സഹിതമാണ് മനോജിന്റെ വൈകാരിക കുറിപ്പ്. ഗുരുതരാവസ്ഥയിലാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും മനോജ് വീഡിയോയിൽ പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നാണ് ബീനയ്ക്ക് കൊവിഡ് ബാധിക്കുന്നത്. സെറ്റിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ വീട്ടിലെത്തിയ ബീന ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

പിന്നീടുള്ള പരിശോധനയിൽ ബീനക്കും രോ​ഗം സ്ഥിരീകരിച്ചു. ശാരീരികാസ്വാസ്ഥ്യം വന്നതോടെയാണ് ബീനയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതിനിടെ ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ആരോ​ഗ്യസ്ഥിതി വഷളായത്. ബീന ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ ഐസിയു ഒഴിവില്ലാതെ വന്ന സാഹചര്യം തങ്ങളെ തകർത്തു കളഞ്ഞെന്നും മനോജ് പറഞ്ഞിരുന്നു. സഹായത്തിനെത്തിയവർക്കും സ്നേഹവായ്പ്പുകൾക്കും ദൈവ തുല്യരായ ഡോക്ടർമാർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഇപ്പോൾ മനോജിന്റെ കുറിപ്പ്. 

മനോജിന്റെ കുറിപ്പ്

ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച... ആശുപത്രിയിൽ നിന്നും കൊവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എൻ്റെ പെണ്ണിൻ്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ ... ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു...

എൻ്റെ പ്രിയപ്പെട്ട കൊച്ചച്ഛൻ  ഡോ. പ്രസന്നകുമാർ.... മോള് ഡോ. ശ്രീജ.... ഇവരായിരുന്നു ആദ്യ ദിനങ്ങളിൽ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും.... ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ആദ്യ രക്ഷകർ... ഇഎംസി E ആശുപത്രിയിലെ (ആശുപത്രിയല്ല... ഇപ്പോൾ അത് ഞങ്ങൾക്ക് 'ദേവാലയം' ആണ് ) സെക്യൂരിറ്റി മുതൽ ഡോക്ടേഴ്സ് വരെ എല്ലാവരോടും പറയാൻ വാക്കുകളില്ല....

എൻ്റെ അച്ഛൻ അമ്മ സഹോദരങ്ങൾ ബീനയുടെ സഹോദരങ്ങൾ  കസിൻസ് .... ഞങ്ങളുടെ സ്വന്തക്കാർ ബന്ധുക്കൾ  സുഹൃത്തുക്കൾ സിനിമാ സീരിയൽ സഹപ്രവർത്തകർ രാഷ്ട്രീയ സുഹൃത്തുക്കൾ.. എന്ന് വേണ്ട നാനാതുറകളിലുള്ളവർ...... എല്ലാവരും നല്കിയ കരുത്ത് സാന്ത്വനം സഹായങ്ങൾ   ഊർജ്ജം...

വെളുത്താട്ട് അമ്പലത്തിലെ മേൽശാന്തിമാർ... കൃസ്തുമത പ്രാർത്ഥനക്കാർ.... സിസ്സ്റ്റേഴ്സ്.... പിന്നെ മലയാള ലോകത്തെ ഞങ്ങൾക്കറിയാവുന്ന... ഞങ്ങൾക്കറിയാത്ത... ഞങ്ങളെ അറിയുന്ന  ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാർത്ഥന ... ആശ്വാസം... 

മറക്കാൻ കഴിയില്ല പ്രിയരേ..... മരണം വരെ മറക്കാൻ കഴിയില്ല.... കടപ്പെട്ടിരിക്കുന്നു.... എല്ലാ ദിവസവും മുടങ്ങാതെ ഓർത്ത് വിശേഷങ്ങൾ അന്വേഷിച്ച് ... പ്രാർത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ് ... നിറഞ്ഞ മനോധൈര്യം പകർന്നു നല്കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ....

ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും.... ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ട്..... ആർക്കും ഒരു ദുർവിധിയും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു... കോവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ...

ശ്രദ്ധയോടെ ... ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം...  ഞങ്ങൾക്കറിയില്ല... എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന്....  യഥാർത്ഥ സ്നേഹം ആവോളം ഞങ്ങൾ തിരിച്ചറിഞ്ഞു... നിങ്ങൾക്ക് വേണ്ടി ... ഞങ്ങളും മനമുരുകി പ്രാർത്ഥിക്കുന്നു..... 'Pulse oximeter' മറക്കാതെ വാങ്ങിക്കണം... ഉപയോഗിക്കണം.... അതാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ബീനയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്... ഈശ്വരനെ മുറുകെ പിടിച്ച് ജീവിക്കണം... പ്രാർത്ഥിക്കണം...

അതിന് നമ്മൾ സമയം കണ്ടെത്തണം... മരുന്നില്ലാത്ത ഈ മഹാമാരിയുടെ  പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത്  അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടർമാർ ഒരേ ശബ്ദത്തോടെ പറഞ്ഞു.... ദൈവമാണ് ഡോക്ടർ...!!! ആ അനുഗ്രഹമാണ് മെഡിസിൻ...... !! അത് ഞാൻ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു... GOD IS LOVE...GOD IS GREAT Stay home stay safe... BREAK THE CHAIN... "ലോകാ സമസ്താ സുഖിനോ ഭവന്തു: "

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios