'ലിയോ'യിൽ വിജയിയുടെ മകനോ, അതോ വിജയ് ചേട്ടനോ ? ചോദ്യങ്ങളോട് മാത്യുവിന്റെ മറുപടി
ലിറ്റിൽ റാവുത്തർ എന്ന ചിത്രം കാണാൻ എത്തിയതായിരുന്നു മാത്യു.

മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനാണ് മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ മാത്യുവിന്റേതായി ഒട്ടനവധി സിനിമകളാണ് പിന്നീട് പുറത്തിറങ്ങിയത്. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത മാത്യുവിന്റേതായി റിലീസിന് ഒരുങ്ങുന്നത് തമിഴ് ചിത്രം ലിയോ ആണ്. വിജയിയെ നായകനാക്കി ലോകോഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ലിയോയിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് മാത്യു നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ലിറ്റിൽ റാവുത്തർ എന്ന ചിത്രം കാണാൻ എത്തിയതായിരുന്നു മാത്യു. ഇതിനിടയിൽ ലിയോയെ കുറിച്ചുള്ള ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ രംഗത്തെത്തി. ട്രെയിലർ റിലീസ് ചെയ്ത ശേഷം വിജയ് വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് 'നിങ്ങൾ പോയി ലിറ്റിൽ റാവുത്തർ കാണൂ. നല്ല പടം ആണത്', എന്നായിരുന്നു മാത്യുവിന്റെ മറുപടി. കേരളത്തിൽ ആയിരിക്കുമോ ലിയോ കാണുക എന്ന ചോദ്യത്തിന് മറുപടി പറയാതെ മാത്യു കാറിൽ കയറുകയായിരുന്നു.
ലിയോ ട്രെയിലർ വന്നതിന് പിന്നാലെ മാത്യു വിജയിയുടെ മകനായിട്ടാണ് എത്തുക എന്ന തരതത്തിൽ ചർച്ചകൾ നടന്നിരുന്നു. അതേസമയം, സൈക്കോ വില്ലന്റെ കുട്ടിക്കാലം ആണെന്ന് പറയുന്നവരും ഉണ്ട്. അടുത്തിടെ നടന്നൊരു പ്രെസ് മീറ്റിൽ തനിക്ക് ലിയോയിൽ ഒരു അനുജത്തി ഉണ്ടെന്ന് മാത്യു പറഞ്ഞിരുന്നു. അങ്ങനെ ആണെങ്കിൽ വിജയിയുടെ മകനായിട്ടാകും മാത്യു എത്തുക എന്ന നിഗമനത്തിലാണ് ആരാധകർ ഇപ്പോൾ. എന്തായാലും ഈ അഭ്യൂഹങ്ങൾ സത്യമാണോ അല്ലയോ എന്നറിയാൻ ആറ് ദിവസം കൂടി കാത്തിരിക്കേണ്ടി വരും.
പിള്ളേര് അടിച്ചുനേടിയ 100 കോടി; ആ രംഗങ്ങളൊന്നും ഡ്യൂപ്പല്ല, 50ന്റെ നിറവിൽ 'ആർഡിഎക്സ്'
സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അർജുൻ സർജ, സഞ്ജയ് ദത്ത്, തൃഷ, മാത്യു, മൻസൂർ അലിഖാൻ, ബാബു ആന്റണി, സാന്റി മാസ്റ്റർ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.