കൊച്ചി: 'മേള രഘു' എന്ന് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ ചേർത്തല പുത്തൻവെളി ശശിധരൻ (60) അന്തരിച്ചു. ആരോഗ്യ പ്രശ്‍നങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ 40 വർഷം പിന്നിട്ട രഘു മോഹൻലാല്‍ നായകനായ 'ദൃശ്യം 2'ൽ ആണ് ഒടുവിൽ അഭിനയിച്ചത്.

കഴിഞ്ഞ മാസം 16ന് രഘു വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ശ്യാമള. മകൾ: ശിൽപ. 

ഏഷ്യാനെറ്റ് ന്യൂസ് അദ്ദേഹത്തെക്കുറിച്ച് തയ്യാറാക്കിയ പഴയ ഒരു റിപ്പോർട്ട്.