മുടക്കുമുതൽ 100 കോടിക്ക് മേൽ ! പ്രകടനത്തില്‍ ഞെട്ടിക്കാൻ 'ലാലേട്ടൻ'; പുത്തന്‍ പടങ്ങളുടെ ബജറ്റ് റിപ്പോര്‍ട്ട്
ബറോസ് ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
കാലങ്ങളേറെയായി മലയാളികളെ വിനോദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ സ്വന്തം നായകനായി മാറിയ മോഹൻലാലിന്റേതായി വരുന്ന ഓരോ സിനിമകൾക്കായും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അത്തരത്തിലുള്ള ഏതാനും സിനിമകളാണ് റിലീസ് കാത്തുനിൽക്കുന്നതും. അക്കൂട്ടത്തിലെ പ്രധാന സിനിമകളാണ് ബറോസും എമ്പുരാനും.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് ബറോസ്. ചിത്രം ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ഈ സിനിമകളുടെ ബജറ്റ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്.
ബിഗ് ബജറ്റിലാണ് എമ്പുരാനും ബറോസും ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം 100 കോടി അടുപ്പിച്ചാണ് ബറോസിന്റെ ആകെ ബജറ്റ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ബജറ്റ് 150 കോടിയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ബജറ്റിലും കൂടുമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. അടുത്തിടെ 400 കോടിയാണ് എമ്പുരാന്റെ ബജറ്റ് എന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ചിത്രം ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം 140 കോടിയ്ക്കാണ് ഒരുങ്ങുന്നതെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്. ചിത്രം രണ്ട് ഭാഗങ്ങളിലാണ് റിലീസ് ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..