12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ മോഹൻലാൽ ചിത്രമാണ് 'എലോൺ'. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നുവെന്നതാണ് അതിന് കാരണം. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോ വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ഓരോ സിനിമാസ്വാദകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഓണാശംസകൾ അറിയിച്ച് കൊണ്ട് പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. 

മോഹൻലാൽ ആണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇരുൾ വീണ ഇടനാഴിയിൽ മോഹൻലാൽ കഥാപാത്രം നിൽക്കുന്നതാണ് പോസ്റ്റർ ലുക്ക്. നിരവധി പേരാണ് ആശംസകൾക്കൊപ്പം പോസ്റ്റർ ഷെയർ ചെയ്യുകയും കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്തിരിക്കുന്നത്. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണിത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. 

അതേസമയം, ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കില്ലെന്ന് ഷാജി കൈലാസ് അടുത്തിടെ പറഞ്ഞിരുന്നു. എലോണിൽ ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ മാത്രമാണെന്നും ഒരു ഫ്ലാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് പറയുന്നു. ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ​ലാ​ഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ പറഞ്ഞിരുന്നു. രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Alone Teaser : 'യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്'; ആകാംഷ നിറച്ച് 'എലോൺ' ടീസർ

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് അണിയറ പ്രവർത്തകർ.