Asianet News MalayalamAsianet News Malayalam

'നന്മ നിറഞ്ഞ ഭാവിക്കായി എൻ്റെ പ്രാർത്ഥനകൾ'; വിജയദശമി ആശംസയുമായി മോഹൻലാൽ

ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നത്.

actor Mohanlal wishes Vijayadashami
Author
First Published Oct 5, 2022, 11:23 AM IST

വിജയദശമി ദിനത്തിൽ ആശംസയുമായി നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. "ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി എൻ്റെ പ്രാർത്ഥനകൾ. വിജയദശമി ആശംസകൾ", എന്നാണ് നടൻ കുറിച്ചത്.

ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നത്. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ ആണ് ഒരുക്കിയിട്ടുള്ളത്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചയര്‍ത്തി. നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങൾക്കും ഇന്ന് വിദ്യാരംഭം ഉണ്ട്.

അതേസമയം, റാം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ട്വല്‍ത്ത് മാന്‍, ദൃശ്യം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഇത്. 'മോണ്‍സ്റ്റര്‍', 'എലോണ്‍ എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. 

'പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ്  'മോണ്‍സ്റ്റര്‍' . ചിത്രം ഈ മാസം റിലീസ് ചെയ്യുമെന്നാണ് വിവരം. പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും. മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

'ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു ഈ രാജകുമാരന്, വാക്കുകൾ മുറിയുന്നു'; പ്രഭുലാലിനെ ഓർത്ത് സീമ ജി നായർ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'വൃഷഭ' എന്നൊരു ചിത്രവും മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ആക്ഷനും ഇമോഷണും ചേര്‍ന്ന ഒരു ബഹുഭാഷ ചിത്രമായിരിക്കും ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios