മുംബൈ: വീട്ടിലെ ജോലികള്‍ മാത്രം ചെയ്യേണ്ട സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങിയതാണ് മീ ടൂ പോലുള്ള ക്യാംപെയിന്‍ തുടങ്ങാന്‍ കാരണമെന്ന് ബോളിവുഡ് താരം മുകേഷ് ഖന്ന. മഹാഭാരതം, ശക്തിമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തനായ താരത്തിന്‍റേതാണ് വിവാദ പരാമര്‍ശം. പുരുഷന്മാര്‍ക്ക് ഒപ്പമാണ് തങ്ങളുടെ സ്ഥാനമെന്ന് സ്ത്രീകള്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. വീട്ടിലെ കാര്യങ്ങള്‍ നോക്കുക എന്നത് മാത്രമാണ് സ്ത്രീകളുടെ ജോലിയെന്നും മുകേഷ് ഖന്ന പറഞ്ഞതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഫില്‍മി ചര്‍ച്ചയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഖന്നയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. പ്രശ്നങ്ങള്‍ ആരംഭിച്ചത് സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ്. ഇന്ന് സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ജോലി ചെയ്യുന്നതിനേക്കുറിച്ചാണ് സംസാരിക്കുന്നത്. സ്ത്രീകളുടെ ജോലിയെന്നത് വീട്ടുജോലിയാണ് എന്നും മുകേഷ് ഖന്ന പറയുന്നു. സ്ത്രീകള്‍ ജോലി ചെയ്യുന്നതോടെ വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് അമ്മയെ കിട്ടാതാവുന്നു. ഇത് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്നും മുകേഷ് ഖന്ന പറയുന്നു. ആളുകള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തേക്കുറിച്ചാണ് പറയുന്നത്. പക്ഷേ പ്രശ്നങ്ങള്‍ ഇതോടെയാണ് തുടങ്ങുന്നത്. കുഞ്ഞുങ്ങള്‍ വീട്ടുജോലിക്കാരിക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം സദാസമയവും ടിവി കാണേണ്ട അവസ്ഥയില്‍ എത്തുന്നു. പുതിയ ലോകത്തില്‍ ഇക്കാര്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമെന്നാണ് മുകേഷ് ഖന്ന പറയുന്നത്. 

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് മുകേഷ് ഖന്ന നേരിടുന്നത്. സംസാരിക്കാന്‍ ഇടം ലഭിക്കുന്നതോടെ ആളുകള്‍ വെളിവില്ലാതെയാണ് സംസാരിക്കുന്നതെന്നാണ് മുകേഷ് ഖന്നയ്ക്ക് നേരെയുയരുന്ന വിമര്‍ശനം. ഹീറോ ആയി മരിക്കേണ്ടിയിരുന്ന ആള്‍ വില്ലനായി ദീര്‍ഘകാലം ജീവിക്കുന്ന അവസ്ഥയാണ് ഖന്നയുടേതെന്നാണ് ചിലര്‍ വീഡിയോയെക്കുറിച്ച് പ്രതികരിക്കുന്നത്. കുട്ടിക്കാലത്തെ മനോഹരമായ സമയം ശക്തിമാന്‍ കണ്ട് പാഴാക്കി കളഞ്ഞല്ലോയെന്നും ട്വിറ്ററില്‍ ആളുകള്‍ പ്രതികരിക്കുന്നുണ്ട്. അടുത്തിടെയാണ് കപില്‍ ശര്‍മ്മയുടെ കോമഡി പരിപാടിയ്ക്കെതിരെ മുകേഷ് ഖന്ന രൂക്ഷമായി പ്രതികരിച്ചത്. ആളുകള്‍ ചിരിക്കാനായി തറവേലകള്‍ കാണിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.