നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്.

പ്രഖ്യാപന സമയം മുതൽ കൗതുകമുണർത്തിയ ചിത്രമാണ് 'മഹാവീര്യർ'(Mahaveeryar). നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണത്തോടൊപ്പം തന്നെ സിനിമ എന്താണെന്ന് മനസ്സിലായില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഈ അവസരത്തിൽ മഹാവീര്യരെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നാദിർഷ. ബുദ്ധിയുള്ളവർക്കേ മനസ്സിലാകൂ എന്ന നിരൂപണങ്ങള്‍ കണ്ടിട്ടാണ് ചിത്രം കാണാൻ പോയതെന്നും സിനിമ ഇഷ്ടമായെന്നും നാദിർഷ കുറിച്ചു. 

നാദിർഷയുടെ വാക്കുകൾ ഇങ്ങനെ

മഹാവീര്യർ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ അപ്പോഴാണ് ഇത് ബുദ്ധിയുള്ളവർക്കേ കണ്ടാൽ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരുപണം എഴുതി കണ്ടത് .അപ്പോൾ പിന്നെ ഞാൻ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കല്പിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല.

കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംവിധാനവും. 

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു. 

Mahaveeryar : മറ്റൊരു 'പാരാസൈറ്റോ'? സോഷ്യൽ മീഡിയയിൽ ചർച്ചയായി 'മഹാവീര്യർ'

വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍.