കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും നാനി പറയുന്നു.
കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'ദസറ'. 'ദസറ'യില്‍ നാനിയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. 'ദസറ'യിലെ കീര്‍ത്തിയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നാനി.
കീര്‍ത്തി സുരേഷ് 'ദസറ'യുടെ ഹൃദയമാണ് എന്ന് നാനി പറഞ്ഞു. മനോഹരമായ ഒരു പ്രകടനമാണ് കീര്‍ത്തി ചിത്രത്തില്‍ 'വെന്നെല'യായി കാഴ്‍ചവെച്ചിരിക്കുന്നത്. കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 'ദസറ' മറ്റൊരു പൊൻതൂവല്‍ ആകുമെന്നും ശ്രീധര്‍ പിള്ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ നാനി പറഞ്ഞു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.
കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ 'സൈറണ്‍' ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. 'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് 'ഭോലാ ശങ്കറി'ല്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.
'മാമന്നൻ' എന്ന തമിഴ് ചിത്രം കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'.
Read More: ഹൃദയാഘാതം, പ്രശസ്‍ത നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു
