നാടകത്തിലൂടെ സിനിമയിലെത്തിയ നടൻ നിസ്താർ സേട്ട് തൻ്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. ഒരുകാലത്ത് യാഥാസ്ഥിതിക മുസ്ലീമായിരുന്ന അദ്ദേഹം, വായനയിലൂടെ വിശ്വാസങ്ങളിൽ മാറ്റം വരുത്തിയെന്ന് പറയുന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് നിസ്താർ സേട്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് നാടകമായിരുന്നു നിസ്താറിന്റെ തട്ടകം. തന്റെ ആദ്യഭാര്യയാണ് നാടകമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കാറുള്ളത്. പിന്നീട് സീരിയലുകളിലും അഭിനയിച്ച നിസ്താർ, തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധനേടി. ഇപ്പോഴിതാ ഒരിക്കൽ യാഥാസ്ഥിതികനായ മുസൽമാനായിരുന്നു താനെന്നും ഇപ്പോഴങ്ങനെ അല്ലെന്നും പറയുകയാണ് നിസ്താർ. കുറച്ചുകാലം നക്സലിന്റെ വഴിയെ താൻ സഞ്ചരിച്ചിരുന്നുവെന്നും എന്നാൽ അപകടമാണെന്ന് അറിഞ്ഞപ്പോൾ തിരിച്ച് വന്നെന്നും അദ്ദേഹം പറയുന്നു.
"ഞാന്‍ നിരീശ്വരവാദിയൊന്നും അല്ല. പക്ഷേ പ്രത്യേക ആചരത്തിന് നിന്നു കൊടുക്കുന്നില്ല എന്നെ ഉള്ളൂ. അത്യാവശ്യം ബോധം വന്നതിന് ശേഷം ഞാന്‍ പള്ളിയില്‍ ഒന്നും പോകാറില്ല. കുറച്ചുകാലം നക്സല്‍ സ്വഭാവത്തിലേക്ക് മാറി സഞ്ചരിച്ച ആളാണ് ഞാന്‍. അതിന് മുന്‍പ് ഭക്തി ഉണ്ടായിരുന്നു. കൃത്യമായി പള്ളിയിലൊക്കെ പോയിരുന്ന യാഥാസ്ഥിതികനായ മുസല്‍മാനായിരുന്നു ഞാന്‍. വായന കൂടിയപ്പോള്‍ അതെല്ലാം ബ്രേക്ക് ചെയ്തു. അതിലൂടെ(നക്സൽ) ഒരുപാട് കാലം ഞാന്‍ സഞ്ചരിച്ചില്ല. അപകടമാണെന്ന് അറിഞ്ഞപ്പോള്‍ തിരിച്ച് പോന്നു. പിന്നീട് ഒന്നിടും പിടി കൊടുത്തില്ല", എന്ന് നിസ്താർ പറയുന്നു.
തന്റെ പേരിൽ നിന്നും അഹമ്മദ് എടുത്ത് കളയാനുള്ള കാരണവും നിസ്താർ പറയുന്നുണ്ട്. "നിസ്താര്‍ അഹമ്മദ് സേട്ട് എന്നാണ് എന്റെ യഥാർത്ഥ പേര്. യൗവ്വനത്തില്‍ നമുക്ക് വിപ്ലവ വീര്യം കൂടും. പലതും നമ്മള്‍ വേണ്ടെന്ന് വയ്ക്കും. പേരിൽ ഞാനായിട്ട് ഒന്നും കൂട്ടിച്ചേർത്തതല്ല. ആരൊക്കെയോ അഹമ്മദ് ചേർത്തതാണ്. പൊറിഞ്ചു ചെയ്യുന്ന സമയത്താണ് സേട്ട് വരുന്നത്. ഇതിൽ നിന്നും ഒന്നും എടുത്ത് കളയാൻ പറ്റാതെയും ആയി. എന്‍റെ നാടക നോട്ടീസുകളിലെല്ലാം നിസ്താര്‍ എന്ന് മാത്രമെ ഉള്ളൂ. എന്നോട് ചോദിച്ചാല്‍ എന്‍റെ പേര് നിസ്താര്‍ ആണ്. മറ്റ് കൂട്ടിച്ചേര്‍ക്കലൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല", എന്നായിരുന്നു നിസ്താറിന്റെ വാക്കുകൾ. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നിസ്താറിന്റെ വാക്കുകൾ.



