പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 'ജാമിയ ആന്‍ഡ് അലിഗഢ്...തീവ്രവാദം!' എന്ന് അടിക്കുറിപ്പോടെയാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.  വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്ന വീഡിയോയാണ് റാണ അയ്യൂബ് ട്വീറ്റ് ചെയ്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും പാര്‍വതി രംഗത്തുവന്നിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറി വരുന്നെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു പാര്‍വതിയുടെ ട്വീറ്റ്. നടി റിമ കല്ലിങ്ങലും പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തു വന്നിരുന്നു. ഞായറാഴ്ചയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സമരം രൂക്ഷമായത്. പൊലീസ് ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ നേരിട്ടെങ്കിലും സമരത്തിന് അയവു വന്നിട്ടില്ല. തിങ്കളാഴ്ചയും സമരം തുടരുകയാണ്. ജാമിയക്ക് പിന്നാലെ രാജ്യത്തെ പ്രധാന സര്‍വകലാശാലകളിലേക്കെല്ലാം സമരം വ്യാപിച്ചു.