നടി ഖുശ്‍ബു അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയായിരുന്നു ഖുശ്‍ബു ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഖുശ്ബുവിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെതിരെ ഖുശ്‍ബു പറഞ്ഞ ഒരു പ്രസ്‍താവന വിവാദവുമായി. തനിക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചതിന് മറുപടിയായിരുന്നു ഖുശ്‍ബുവിന്റെ പ്രസ്‍താവന.  കോണ്‍ഗ്രസ് മാനസിക വളര്‍ച്ചയെത്താത്ത പാര്‍ട്ടിയാണെന്ന് പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഖുശ്‍ബുവെന്നാണ് ഇന്ത്യാ ടുഡെയുടെ വാര്‍ത്തയില്‍ പറയുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ മാനസിക വളര്‍ച്ചയെത്താത്തവര്‍ എന്നായിരുന്നു ഖുശ്‍ബു പരാമര്‍ശിച്ചത്. ബുദ്ധിയുള്ള സ്ത്രീകളെ പാര്‍ട്ടിക്ക് ആവശ്യമില്ല. പാര്‍ട്ടിക്കകത്ത് സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. ഖുശ്‍ബുവിന്റെ പ്രസ്‍താവന വിവാദമായി മാറി. തമിഴ്‍നാട്ടില്‍ മുപ്പതോളം പൊലീസ് സ്റ്റേഷനില്‍ ഖുശ്‍ബുവിനെതിരെ പരാതിയും നല്‍കി. കോണ്‍ഗ്രസിന്റെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു ഖുശ്‍ബുവിന്റെ പ്രസ്‍താവന. താൻ അങ്ങനെ പറയാൻ പാടില്ലെന്നായിരുന്നുവെന്ന് ഖുശ്‍ബു ഇപോള്‍ പറയുന്നത്. എന്റെ നിരാശയില്‍ നിന്നും വന്ന, വളരെ തിടുക്കപ്പെട്ടു നടത്തിയ ഒരു പ്രസ്‍താവന ആയിരുന്നു അത്. ഖേദം പ്രകടിപ്പിക്കുന്നു. അങ്ങനെയുള്ള പ്രസ്‍താവന താൻ ഇനി നടത്തില്ലെന്നും ഖുശ്‍ബു പറഞ്ഞു. മാനസിക ആരോഗ്യപ്രശ്‍നങ്ങളോട് പോരാടുന്നവര്‍ എന്റെ കുടുംബത്തിലും സുഹൃത്തുക്കളുമായുണ്ട്.  മികച്ച നേതാക്കൻമാരായവര്‍. അവരുടെ സൗഹൃദവും അറിവും എന്നെയും മെച്ചപ്പെട്ടതാക്കുന്നു.  അതുകൊണ്ടുതന്നെ വിവാദ പ്രസ്‍താവന പോലുള്ള കാര്യങ്ങള്‍ താൻ ആവര്‍ത്തിക്കില്ലെന്നും ഖുശ്‍ബു പറഞ്ഞു.

മുമ്പ് ഒരുപാട് നേതാക്കള്‍ ഇത്തരം പ്രസ്‍താവനകള്‍ നടത്തിയത് താൻ ഓര്‍ക്കുന്നുണ്ടെന്നും താനും അതുപോലെ ചെയ്‍തതില്‍ നിരാശയുണ്ടെന്നും ഖുശ്‍ബു പറഞ്ഞു.

മാനസിക ഭിന്നശേഷിയുള്ളവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും അവരുടെ ശബ്‍ദമാകാനും താൻ പ്രവര്‍ത്തിക്കുമെന്നും ഖുശ്‍ബു പറഞ്ഞു.