കെജിഎഫ് നായകൻ യഷിന്‍റെ പുതിയ ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്'.

തെലുങ്ക് സിനിമയ്ക്ക് ബാഹുബലി എന്തായിരുന്നോ കന്നഡ സിനിമയ്ക്ക് അതായിരുന്നു കെജിഎഫ്. അതുവരെ കന്നഡ സിനിമ കണ്ടിട്ടില്ലായിരുന്ന വലിയൊരു വിഭാഗം ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് കന്നഡ സിനിമ ആദ്യമായി എത്തി, ആ ചിത്രത്തിലൂടെ. പിന്നീടുവന്ന രണ്ടാം ഭാഗം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായിമാറി. ഇപ്പോഴും ഹയസ്റ്റ് ഗ്രോസിംഗ് ഇന്ത്യന്‍ സിനിമകളുടെ ടോപ്പ് 10 ലിസ്റ്റില്‍ കെജിഎഫ് 2 ഉണ്ട്. കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ അപ്പീല്‍ നേടിയ യഷിന്‍റേതായി മറ്റൊരു ചിത്രം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. ടോക്സിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ആണ് എന്നതും കൌതുകം. രണ്ട് ദിവസം മുന്‍പ് യഷിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ യഷ് അടക്കമുള്ള ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

യഷിന്‍റെ പ്രതിഫലം

500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ നായകന്‍ എന്നതിനൊപ്പം സഹരചയിതാവ് കൂടിയാണ് യഷ്. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടിയാണ് ചിത്രത്തിലെ യഷിന്‍റെ പ്രതിഫലം. സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അഞ്ച് നായികാതാരങ്ങളുടെ നിരയുണ്ട്. നയന്‍താര, ഹുമ ഖുറേഷി, രുഗ്മിണി വസന്ത്, കിയാര അദ്വാനി, താര സുതരിയ എന്നിവരാണ് അവര്‍. ഇതില്‍ ഏറ്റവുമധികം പ്രതിഫലം നയന്‍താരയ്ക്കും കിയാര അദ്വാനിക്കുമാണ്.

മറ്റ് താരങ്ങള്‍

നയന്‍താരയ്ക്ക് 12 മുതല്‍ 18 കോടി വരെയാണ് ലഭിക്കുന്നതെങ്കില്‍ കിയാര അദ്വാനിക്ക് ലഭിക്കുന്നത് 15 കോടിയാണ്. രുക്മിണി വസന്തിന് 3 മുതല്‍ 5 കോടി വരെ ലഭിക്കുമ്പോള്‍ ഹുമ ഖുറേഷി, താര സുതരിയ എന്നിവര്‍ക്ക് 2 മുതല്‍ 3 കോടി വരെ ലഭിക്കും. വിജയ് ചിത്രം ജനനായകന്‍റെയും നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം രവി ബസ്‍റൂര്‍. ഭാഷാഭേദമന്യെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രം തിയറ്ററുകളിലെത്തുക മാര്‍ച്ച് 19 ന് ആണ്. ചിത്രം വിസ്മയം കാട്ടുമോ എന്ന് കാത്തിരുന്ന് കാണാം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming