ദിയ കൃഷ്‍ണയെ കുറിച്ച് പൂര്‍ണിമ.
നടൻ കൃഷ്‍ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് വലിയ വാർത്തയായിരുന്നു. കേസിൽ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്ത്.
''ദിയ കൃഷ്‌ണയുടെ കാര്യത്തിൽ സംഭവിച്ചത് വളരെ വിഷമകരമായ കാര്യമാണ്. ആ കുട്ടി ഏറ്റവും സമാധാനം അനുഭവിക്കേണ്ട സമയത്താണ് ഇതൊക്കെ നടന്നത്. ഒരു സ്ത്രീ എന്ന നിലയിൽ എനിക്കത് വളരെ വിഷമമായി തോന്നി. ഗർഭിണി ആയിരിക്കുന്ന സമയത്ത് ഉണ്ടാവേണ്ട ഒരു സമാധാനം എന്ന് പറയുന്നത് വലിയ കാര്യമാണ്.
ബിസിനസിലെ സ്‌ട്രെസ് വളരെ വലുതാണ്. അത് ചെയ്യുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. നമ്മൾ നമ്മുടെ കുട്ടികളെയും വീട്ടുകാരെയും മറ്റെല്ലാം മാറ്റി വെച്ചുകൊണ്ട് ഇങ്ങനെയൊരു കാര്യത്തിലേക്ക് ഇറങ്ങുമ്പോൾ അതിലെ ഏറ്റവും പ്രഥമ പരിഗണന വിശ്വാസത്തിനാണ്. ആ വിശ്വാസം നഷ്‌ടപ്പെടുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. പണത്തിന്റെ കാര്യത്തിൽ മാത്രമല്ല അത് വൈകാരികമായി പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാര്യമാണ്.
ഈ് സംഭവം രണ്ട് രീതിയിൽ നമുക്ക് നോക്കി കാണാം. കുറച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന വിചാരം നമ്മളിൽ ഉണ്ടാക്കും. അമിതമായി ആരെയെങ്കിലും കണ്ണടച്ച് വിശ്വസിക്കുന്നുണ്ടോ എന്ന ചിന്ത ഉണ്ടാവും നമ്മളിൽ. അല്ലെങ്കിൽ ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കണോ എന്നതും ചിന്തിക്കണം. ദിയയുടെ കാര്യത്തിൽ, എങ്ങനെ ആ സംഭവം ആളുകളെ ബോധവത്കരിക്കാൻ അവർ ഉപയോഗിച്ചു എന്നതും പ്രധാനമാണ്. ഇങ്ങനെയൊരു സംഭവം നടന്നത് കൊണ്ട് ആളുകൾ കൂടുതൽ ചിന്തിച്ചേക്കും'', ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ പൂർണിമ പറഞ്ഞു.
