Asianet News MalayalamAsianet News Malayalam

Kaapa Movie : കട്ട മാസിൽ പൃഥ്വിരാജ്; 'കാപ്പ' കഥാപാത്രത്തെ പരിചയപ്പെടുത്തി താരം

മഞ്‍ജു വാര്യർ നായിക ആയി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഇന്ന് രാവിലെ ആരംഭിച്ചിരുന്നു.

actor prithviraj introduce his kaapa movie character
Author
Kochi, First Published Jul 15, 2022, 11:02 PM IST

'കടുവ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും(Prithviraj) ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പ'(kaapa movie). മഞ്‍ജു വാര്യർ നായിക ആയി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഇന്ന് രാവിലെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് പൃഥ്വിരാജ്. 

'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാല് വിരലുകള്‍ മാത്രം നിവര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും ഫോണിൽ നോക്കിയിരിക്കുന്നതുമായ പൃഥ്വിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോകൾ വൈറലായി കഴിഞ്ഞു. 

ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന ബെന്നും ചിത്രത്തിലുണ്ട്. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മഞ്‍ജു വാര്യര്‍ അടുത്ത ആഴ്‍ച ജോയിൻ ചെയ്യും. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.

അതേസമയം, പ്രേക്ഷക പ്രീതി നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 

Kaapa : ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു, 'കാപ്പ'യ്‍ക്ക് ഇന്ന് തുടക്കം

Follow Us:
Download App:
  • android
  • ios