പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഖലീഫ' എന്നാണ് ചിത്രത്തിന്റെ പേര്. 'പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും', എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് വൈശാഖ് ഉറപ്പ് നൽകുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
'ഒരു ഹൈ വോൾട്ടേജ് മാസ്സ് എന്റർടെയ്‌നറുമായി പന്ത്രണ്ട് വർഷത്തിന് ശേഷം പൃഥ്വിയുമായി വീണ്ടും ഒന്നിക്കുന്നു. ഇത്രയും കാലം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന 'ഖലീഫ'യെ ഞങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ശക്തമായ തിരക്കഥയുമായി എത്തിയ ജിനു വി എബ്രഹാമിന് നന്ദി', എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വൈശാഖ് കുറിച്ചിരിക്കുന്നത്.
ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരിഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഡിഒപി. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
‘നിങ്ങളോടൊപ്പമുളള ഈ യാത്ര എന്നും പ്രിയപ്പെട്ടത് ‘, പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ
അതേസമയം, ഒരു പിടി മികച്ച ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിലായത്ത് ബുദ്ധ, സലാർ, കാപ്പ, കാളിയൻ, ആടുജീവിതം, എമ്പുരാൻ തുടങ്ങിയവയാണ് അവ. ഇതിൽ കാപ്പയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്റർ എന്ന ചിത്രമാണ് വൈശാഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. മലയാളത്തിലെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
