മികപ്പെരിയ വെട്രിയടയണം..: 'സൂപ്പർ സ്റ്റാർ' വിവാദങ്ങള്‍ക്കിടെ 'ലിയോ'യ്ക്ക് ആശംസയുമായി രജനികാന്ത്
ഒക്ടോബർ 19നാണ് ലിയോ തിയറ്ററിൽ എത്തുന്നത്.

പലപ്പോഴും ചർച്ചകളിൽ ഇടംനേടാറുള്ള രണ്ട് സൂപ്പർ താരങ്ങളാണ് വിജയിയും രജനികാന്തും. ഇവരിൽ ആരാണ് യഥാർത്ഥ 'സൂപ്പർ സ്റ്റാർ' എന്ന തരത്തിൽ സമീപകാലത്ത് വലിയ തോതിലുള്ള വിവാദങ്ങളും ചർച്ചകളും നടന്നിരുന്നു. ജയിലർ എന്ന തന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശം ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. പിന്നാലെ ഇരുവരുടെയും ആരാധകർ രംഗത്തെത്തി. വിജയ് ആണ് സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തിന്റെ ആരാധകരും രജനികാന്ത് ആണ് സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തിന്റെ ആരാധകരും വാദിച്ചു. നിലവിൽ ബ്ലോക് ബസ്റ്റർ വിജയം നേടിയ ജയിലറിനെ ലിയോ മറികടക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധക സമൂഹം. ഈ അവസരത്തിൽ വിജയ് ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് രജനികാന്ത്.
'തലൈവർ 170' എന്ന ചിത്രത്തിന്റെ ഷൂട്ടിനായി തൂത്തുക്കുടിയിൽ ആണ് രജനികാന്ത് ഇപ്പോഴുള്ളത്. ഇവിടെ വച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. വൻ പ്രതീക്ഷയോടെ ആണ് ലിയോ റിലീസിന് ഒരങ്ങുന്നത്. താങ്ങൾക്ക് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, "അവങ്ക അന്ത പടം മികപ്പെരിയ വെട്രിയടയണം. അത്ക്കാഹ നാൻ ആണ്ടവനോട് വേണ്ടിക്കിറേൻ(വിജയ് ചിത്രം വലിയ വിജയം നേടണം. അതിന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു)", എന്നായിരുന്നു രജനികാന്തിന്റെ മറുപടി.
ഒക്ടോബർ 19നാണ് ലിയോ തിയറ്ററിൽ എത്തുന്നത്. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. പ്രീ-സെയിൽ ബിസിനസിലൂടെ ഇതിനോടം 100 കോടി അടുപ്പിച്ച് ലിയോ നേടിയെന്നാണ് വിവരം.
10 ചിത്രങ്ങൾ, രജനികാന്തിനെ പിന്തള്ളി വിജയ് മുന്നില്‍; പ്രീ-സെയിൽ കണക്കുമായി ഏരീസ് പ്ലെക്സ്
ഏതാനും ആഴ്ചകൾക്ക് മുൻപാണ് തലൈവർ 170ന് തുടക്കമായത്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തായിരുന്നു ആദ്യ ഷൂട്ടിംഗ്. നിലവിൽ തൂത്തുക്കുടിയിൽ ആണ് ചിത്രീകരണം പുരോഗമിക്കുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജുവാര്യർ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി മുൻ നിര താരങ്ങളും അണിനിരക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..