ഓ. ചന്തുമേനോന്‍റെ നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഇന്ദുലേഖ' എന്ന ചിത്രത്തില്‍ നായകനായ മാധവന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ്മോഹന്‍ ആണ്.

തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകൻ രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങി. രാജ്മോഹന്‍റെ മൃതദേഹം ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തത് വാർത്തയായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 17ആം തീയതിയാണ് നടൻ രാജ്മോഹൻ മരിച്ചത്. 88 വയസായിരുന്നു.

രാജ്മോഹന്‍റെ മൃതദ്ദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാനെന്നെ വാര്‍ത്തകളെ തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റുവാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചത്. 1967ല്‍ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന ചിത്രത്തില്‍ നായകവേഷമിട്ട നടന്‍ രാജ് മോഹന്‍റെ ഭൗതികശരീരം നാളെ രാവിലെ 10.15 ന് ഭാരത് ഭവനില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സഹകരണം, രജിസ്‌ട്രേഷന്‍ സാംസ്‌കാരികം മന്ത്രി വി എന്‍ വാസവന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. 

ഓ. ചന്തുമേനോന്‍റെ നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഇന്ദുലേഖ' എന്ന ചിത്രത്തില്‍ നായകനായ മാധവനെയാണ് രാജ്മോഹന്‍ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍ നായരുടെ മരുമകനായിരുന്നു രാജ്മോഹന്‍. നാല് വർഷത്തോളം പുലയനാർ കോട്ടയിലെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു രാജ്മോഹൻ. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ദുരിതാവസ്ഥ കണ്ട് മുന്‍സ ര്‍ക്കാരിന്‍റെ കാലത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്‌ളി, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍ എന്നിവര്‍ നേരിട്ട് വീട്ടിലത്തെി പെന്‍ഷന്‍ അനുവദിച്ചിരുന്നു.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലാം തിയതി മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു രാജ്മോഹന്‍. മരണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.