Actor Ravi Mohan Explodes During Chennai Press Meet Amid Divorce Row With Wife Aarti. ഭാര്യ ആരതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകും വരെ തന്റെ സിനിമകൾ റിലീസ് ചെയ്യില്ലെന്ന് നടൻ രവി മോഹൻ പ്രഖ്യാപിച്ചു. മക്കളെ കാണാൻ അനുവദിക്കാത്തതിനാൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും സ്വയം ഉപദ്രവിക്കാൻ തുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്ന് വെളിപ്പെടുത്തി നടൻ രവി മോഹൻ. തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താൻ സ്വയം, ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഒരു ദിവസം താൻ ഈ ലോകത്തോട് വിട പറയുമെന്നും രവി മോഹൻ പറയുന്നു. ഇന്ന് നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു രവി മോഹന്റെ പ്രതികരണം. കെനീഷയുമായുള്ള ബന്ധം വലിയ രീതിയിൽ ചർച്ചയായി ഇരിക്കുമ്പോഴാണ് രവി മോഹന്റെ പ്രതികരണം.

രവി മോഹനും താനും തമ്മിൽ ബ്രേക്ക് അപ്പ് ആയെന്നുള്ള സൂചനകൾ നൽകുന്ന കുറിപ്പ് കെനീഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെയായിരുന്നു രവി മോഹന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കെനീഷയെയും അവർ സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടുവെന്നും, അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെഎന്നും പ്രസ്സ് മീറ്റിൽ രവി മോഹൻ പറയുന്നുണ്ട്.
“വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ എന്റെ സിനിമകൾ റിലീസ് ആവില്ല. എന്നെ ശല്യം ചെയ്യുന്നതും കളിയാക്കുന്നതും ദയവായി നിർത്തണം. ഞാൻ എന്റെ ഓഫീസിൽ മാത്രമേ ഉണ്ടാവൂ, എന്നോട് സംസാരിക്കാൻ ആഗ്രഹമുള്ളവർക്ക് നേരിട്ട് അവിടെ വരാം. എന്റെ മക്കളെ കാണാൻ എന്നെ സമ്മതിക്കുന്നില്ല. അവരുടെ സ്കൂളുകളിലേക്ക് ബോഡിഗാർഡുമാരെ അയക്കുന്നു, അവരുമായി ഫോൺ ബന്ധംപോലും വിച്ഛേദിച്ചിരിക്കുകയാണ്. കെനീഷയെയും അവർ സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടു.” രവി മോഹൻ പറയുന്നു
"അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.ഞാൻ സ്വയം ഉപദ്രവിക്കാൻ വരെ തുടങ്ങി. സൂം ചെയ്ത് നോക്കൂ ഒരു ദിവസം ഞാൻ ഈ ലോകം വിടും. പക്ഷേ അതിന് മുൻപ് അവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും. ഇനി ഞാൻ സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്തിപരമായ ജീവിതം ശരിയാക്കും, എന്റെ പേര് തിരികെ നേടും, അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ. അതുവരെ എന്റെ സിനിമകളൊന്നും റിലീസ് ആകില്ല." രവി മോഹൻ കൂട്ടിച്ചേർത്തു.
‘സൗഹൃദം ഉപേക്ഷിക്കുന്നു’
അതേസമയം രവി മോഹന്റെ വിവാഹമോചനവും മറ്റും ബന്ധപ്പെടുത്തി കെനീഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വലിയ രീതിയിലുള്ള വിമർശനവും സൈബർ അറ്റാക്കുകളും നടന്നിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കെനീഷ വീഡിയോ പങ്കുവച്ചിരുന്നു. ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമം ഉൾപ്പെടെ വലിയ രീതിയിലുള്ള തുറന്നുപറച്ചിലുകളായിരുന്നു കെനീഷ ആ വീഡിയോയിലൂടെ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന തരത്തിലുള്ള കുറിപ്പ് കെനീഷ പങ്കുവച്ചത്. ചില ഇടങ്ങൾ ബഹളങ്ങളും ഈഗോയും വിധികല്പിക്കലുകളും കെട്ടുകഥകളും കയ്യടക്കിയിരിക്കുന്നുവെന്നും, അവിടെ നന്മയ്ക്ക് സ്ഥാനമില്ലെന്നും സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ്ണ നിസ്സംഗതയോടെ താൻ ആ വ്യക്തിയെ സ്വതന്ത്രനാക്കുന്നുവെന്നും കെനീഷ പറയുന്നു.


