കാന്താരയിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു 'വരാഹ രൂപം' പാട്ട്.

സൂപ്പർ ഹിറ്റ് ചിത്രം കാന്താരയിലെ 'വ​രാഹ രൂപം' ​ഗാനത്തിനെതിരെ ഉയർന്ന കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ റിഷഭ് ഷെട്ടി. കാന്താരയിലെ ഗാനം കോപ്പിയടിച്ചതല്ലെന്നും തൈക്കുടം ബ്രിഡ്ജ് ഉന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താരയുടെ കേരള പ്രമോഷന്റെ ഭാ​ഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു റിഷഭ്. 

കാന്താരയിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു 'വരാഹ രൂപം' പാട്ട്. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ ​ കോപ്പിയടി ആരോപണവുമായി തൈക്കുടം ബ്രിഡ്ജ് രം​ഗത്തെത്തുകയായിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ​ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്‍റെ കോപ്പിയാണെന്നായിരുന്നു ഉയർന്ന ആരോപണം. വിഷയത്തിൽ തൈക്കുടം നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

'ഒരു കാന്താര പ്രതീക്ഷിക്കട്ടെ ?'; 'മാളികപ്പുറം' കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

അതേസമയം, കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. 'വരാഹ രൂപം' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. 

Kantara - Varaha Roopam(Lyric Video)| Sai Vignesh | Rishab Shetty | Ajaneesh Loknath | Hombale Films

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് നായകനായി എത്തിയതും. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇതിനോടകം 200 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു കാന്താര കേരളത്തിൽ എത്തിച്ചത്.