എഐ ഉപയോഗിച്ച് അയൺ മാൻ കഥാപാത്രം വീണ്ടും അവതരിപ്പിക്കുന്നതിനെതിരെ നടൻ റോബർട്ട് ഡൗണി ജൂനിയർ മുന്നറിയിപ്പ് നൽകി. 

ഹോളിവുഡ്: എഐ ഉപയോഗിച്ച് താന്‍ അവതരിപ്പിച്ച കഥാപാത്രം അയണ്‍ മാന്‍ വീണ്ടും അവതരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടന്‍ റോബർട്ട് ഡൗണി ജൂനിയർ രംഗത്ത്. ഓൺ വിത്ത് കാര സ്വിഷർ എന്ന പോഡ്‌കാസ്റ്റിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട റോബർട്ട് ഡൗണി താന്‍ അവതരിപ്പിച്ച അയൺ മാൻ കഥാപാത്രത്തിന്‍റെ എഐ പതിപ്പ് തന്‍റെ സമ്മതമില്ലാതെ സൃഷ്‌ടിച്ചാൽ നിയമനടപടി എടുക്കും എന്നാണ് പറഞ്ഞത്. 

അയൺ മാൻ എന്ന തന്‍റെ റോൾ വീണ്ടും എത്തിക്കാന്‍ മാർവല്‍ സ്റ്റുഡിയോ അധികാരികള്‍ ഒരിക്കലും എഐ ഉപയോഗിക്കില്ലെന്നും റോബർട്ട് ഡൗണി ജൂനിയർ പറഞ്ഞു. എന്നാല്‍ ഭാവിയില്‍ അങ്ങനെയൊരു ശ്രമം ഉണ്ടായാല്‍ താന്‍ എതിര്‍ക്കുമെന്നും ഒസ്കാര്‍ ജേതാവ് കൂടിയായ താരം പറഞ്ഞു. 

"എന്‍റെ കഥാപാത്രത്തിന്‍റെ ആത്മാവിനെ അവർ ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല, കാരണം അവിടെ എന്തായാലും എല്ലാ തീരുമാനങ്ങള്‍ നല്ല രീതിയില്‍ എടുക്കുന്നവരുണ്ട്. അവര്‍ എന്നോട് ചോദിത്തോ അല്ലാതെയോ മോശം കാര്യമൊന്നും ചെയ്യില്ല" റോബർട്ട് ഡൗണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

എന്നാല്‍ മാര്‍വല്‍ പോലുള്ള സ്ഥാപനത്തില്‍ തലപ്പത്ത് എപ്പോഴും മാറ്റം വരാമെന്നും ഭാവിയില്‍ ഇത്തരത്തില്‍ വരുന്ന ഒരു എക്സിക്യൂട്ടീവ് എഐയില്‍ അയേണ്‍മാനെ സൃഷ്ടിക്കാം എന്ന തീരുമാനം എടുത്താല്‍ എന്ത് ചെയ്യും എന്നാണ് പോഡ്കാസ്റ്ററായ കാര സ്വിഷർ ചോദിച്ചത്. അതിന് റോബർട്ട് ഡൗണിയുടെ ഉത്തരം ഇങ്ങനെയായിരുന്നു. 

"അത് ശരിയാണ്, അത്തരത്തില്‍ ഒരു എക്സിക്യൂട്ടീവ് ശ്രമിച്ചാല്‍ അയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും" അപ്പോള്‍ താങ്കള്‍ മരിച്ച ശേഷമാണ് ഇത് ചെയ്യുന്നതെങ്കിലോ എന്ന മറുചോദ്യത്തിന് "ഞാന്‍ മരിച്ചാലും എന്‍റെ നിയമസ്ഥാപനം ആക്ടീവായിരിക്കും" എന്നാണ് റോബർട്ട് ഡൗണി ഉത്തരം നല്‍കിയത്. 

അയൺ മാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം 2019 ലെ ആവേഞ്ചേര്‍സ് എന്‍ഡ് വാറിന് ശേഷം ഡൗണി മാർവൽ സിനിമാറ്റിക് യൂണിവേഴ്സില്‍ നിന്നും നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ ഈ വർഷമാദ്യം, ഡോക്ടർ ഡൂം എന്നറിയപ്പെടുന്ന ഡോ വിക്ടർ വോൺ ഡൂം എന്ന മാർവൽ വില്ലനായി അദ്ദേഹം തൻ്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജുമാന്‍ജി 3 എത്തുന്നു; പുതിയ ചിത്രത്തിന്‍റെ റിലീസ് അപ്ഡേറ്റ്

സ്ക്രീനിൽ കാണാൻ പോവുന്നത് വൻ ആക്ഷൻ രംഗങ്ങൾ; 'ഗ്ലാഡിയേറ്റർ 2' ന് വേണ്ടി അഭിനേതാക്കൾ തയ്യാറെടുത്തത് ഇങ്ങനെ