'ഹൃദയപൂർവം' എന്നാണ് ചിത്രത്തിന്‍റെ പേര്. 

പ്രേമലു എന്ന ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ വൻ ജനപ്രീതി നേടിയ നടനാണ് സം​ഗീത് പ്രതാപ്. എഡിറ്റർ കൂടിയായ സം​ഗീത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിന്നർ കൂടിയാണ്. ഇപ്പോഴിതാ സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലേക്ക് എത്തിയിരിക്കുകയാണ് സം​ഗീത്. 'ഹൃദയപൂർവം' എന്ന ചിത്രത്തിൽ സം​ഗീതും ഉണ്ടെന്ന് അഖിൽ സത്യനാണ് അറിയിച്ചത്. 

മോഹൻലാൽ- സത്യൻ അന്തിക്കാട് യൂണിവേഴ്സില്‍ 'അമല്‍ ഡേവിസും' എന്നാണ് അഖിൽ സത്യൻ ഫേസ്ബുക്ക് സ്റ്റോറിയിൽ കുറിച്ചത്. ഒപ്പം സത്യൻ അന്തിക്കാടിനൊപ്പം നിൽക്കുന്ന സം​ഗീതിന്റെ ഫോട്ടോയും അദ്ദേഹം പങ്കിട്ടുണ്ട്. ഒൻപത് വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. എന്നും എപ്പോഴും ആയിരുന്നു ഈ കോമ്പോയിൽ എത്തിയ അവസാന ചിത്രം. 

ഫൺ മോഡിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. സോനു ടി പിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം.ജസ്റ്റിൻ പ്രഭാകരൻ ആണ് സം​ഗീത സംവിധാനം. പ്രശാന്ത് മാധവനാണ് കലാസംവിധാനം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ തുടങ്ങുമെന്നാണ് വിവരം. 

'ലെ ലാലേട്ടൻ: അപ്പൂ നീ ഇതെങ്ങോട്ടാടാ'; പടുകൂറ്റൻ മരത്തിൽ വലിഞ്ഞുകയറി, കാടുംമലയും താണ്ടി വീണ്ടും പ്രണവ്

അതേസമയം, എമ്പുരാന്റെ പണിപ്പുരയിലാണ് മോഹൻലാൽ. ഒപ്പം ബറോസും ഉണ്ട്. അടുത്ത വർഷം മാർച്ചിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ തിയറ്ററുകളിൽ എത്തുക. തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന് അടുത്തിടെ പാക്കപ്പ് പറഞ്ഞിരുന്നു. തൊണ്ണൂറ്റി ഒന്‍പത് ദിവസത്തെ ഷൂട്ടിംഗ് ആണ് പൂര്‍ത്തിയായത്. എല്‍ 360 എന്ന് താല്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം