കാര്യം തിരക്കി നടിയുടെ ആരാധകര്‍.
പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2026ന്റെ പുത്തൻ പ്രതീക്ഷകളിലേക്ക് കടന്നപ്പോള്‍ സെലിബ്രറ്റികളടക്കം പോയ വര്‍ഷത്തെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് 2025നെ യാത്രയാക്കിയത്. ചിലര്‍ക്ക് മോശം വര്‍ഷമായിരുന്നെങ്കില്‍ മറ്റ് ചിലര്‍ക്ക് മികച്ച ഒരു വര്‍ഷമായിരുന്നു 2025. ഈ സാഹചര്യത്തില്‍ മലയാളികളുടെ പ്രിയ താരം ശാലിൻ സോയ പങ്കുവെച്ച ഒരു കുറിച്ചും ശ്രദ്ധ നേടുകയാണ്.
2025, എന്റെ ജീവിതത്തിലെ ഇതുവരെയുള്ളതില്‍ ഏറ്റവും കഠിനനമായ ഒരുവര്‍ഷം. ഈ വര്‍ഷം എനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല. വലിയ ഏകാന്തതയിലേക്ക് ഞാൻ എത്തി. പക്ഷേ ഞാൻ ഇപ്പോഴും ഇവിടുണ്ട്. അതെങ്ങനെയെന്ന് എനിക്ക് അറിയില്ല. അല്ലെങ്കില്‍ എന്തുകൊണ്ടാവും. പക്ഷേ ഇപ്പോഴും ഞാൻ ഇവിടെയുണ്ട്. വിട 2025 എന്നാണ് ശാലിൻ സോയ കുറിച്ചിരിക്കുന്നത്. എന്നാല്‍ ശരിക്കും എന്താണ് സംഭവിച്ചത് എന്ന് ശാലിൻ സോയ വ്യക്തമാക്കാത്തതിനാല്‍ ആരാധകരും ആശങ്കയിലാണ്. നിരവധി പേരാണ് ശാലിൻ സോയയുടെ പോസ്റ്റിന് കമന്റുകളായി എത്തുന്നത്. 2026 സന്തോഷങ്ങള്‍ നല്‍കും ശാലിൻ സോയയ്‍ക്ക് എന്ന് ഒരാള്‍ കമന്റായി കുറിച്ചിരിക്കുന്നു.
മലയാളത്തിൽ ബാലതാരമായി കരിയർ ആരംഭിച്ച് പിന്നീട് സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശാലിൻ സോയ. അടുത്തിടെ തമിഴിൽ സംവിധായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന വിവരം ശാലിൻ സോയ പങ്കുവെച്ചിരുന്നു. തന്റെ പുതിയ സിനിമയുടെ പൂജ ചിത്രങ്ങൾ ശാലിൻ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്‍ക്കുകയായിരുന്നു. ശാലിൻ തന്നെയാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. "ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ, ഒരിക്കൽ നിങ്ങൾ സംവിധായക തൊപ്പിയണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല. ഡയറക്ഷൻ- റൈറ്റിങ്ങ് വിഭാഗത്തിൽ ഞാൻ ആദ്യമായി കാലെടുത്ത് വെച്ചിട്ട് ഇത് പത്താം വർഷമാണ്. എന്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിനായി ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. എന്റെ കഥയിൽ വിശ്വാസമർപ്പിച്ച ആർകെ ഇന്റർനാഷണൽ പ്രൊഡക്ഷന് ഞാൻ നന്ദി പറയുന്നു. ഇത് അവരുടെ നിർമാണത്തിലെ പതിനെട്ടാമത്തെ പ്രൊക്റ്റാണ്. ഈ സിനിമയിലേക്ക് ഒരു കൂട്ടം മികച്ച കലാകാരന്മാരെ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാർത്ഥനകളും അനുഗ്രഹങ്ങളും പിന്തുണയും എനിക്ക് വേണം." ശാലിൻ സോയ കുറിച്ചിരുന്നു.
എൽസമ്മ എന്ന ആൺകുട്ടി, സ്വപ്‍നസഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിങ്ങ് തുടങ്ങീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ പിന്നീട് സംവിധാനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ തിരിക്കുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ റെവലേഷൻ എന്ന ഹ്രസ്വ ചിത്രവും, പ്രശാന്ത് അലക്‌സാണ്ടർ നായകനായി എത്തിയ ദി ഫാമിലി ആക്ട് എന്ന ചിത്രവും ശാലിൻ സംവിധാനം ചെയ്തിരുന്നു.
