പക്കാ ക്ലീൻ എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം. 

ചില സിനിമകൾ അങ്ങനെയാണ്, നിനച്ചിരിക്കാതെ സർപ്രൈസ് ഹിറ്റടിക്കും. അങ്ങനെ ഒരു സിനിമ മെയ്യിൽ മലയാളത്തിൽ റിലീസ് ചെയ്തിരുന്നു. ആ സിനിമ ഇനി ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷറഫുദ്ദീനും സുരാജ് വെ‍ഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ പടക്കളം ആണ് ആ ചിത്രം. ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഫാന്റസി ഹ്യൂമറായി എത്തിയ ചിത്രം തിയറ്ററുകളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. 

ജിയോ ഹോട്സ്റ്റാറിനാണ് പടക്കളത്തിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ജൂൺ 10 മുതൽ ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിട്ടുണ്ട്. പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 15.66 കോടിയാണ് പടക്കളത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. ആ​ഗോള തലത്തിൽ 17.57 കോടി സിനിമ നേടിയിട്ടുണ്ട്. 

വിജയ് ബാബു, വിജയ് സുബ്രഹ്‍മണ്യം എന്നിവർ നിർമിച്ച ചിത്രമാണ് പടക്കളം. നേരത്തെ സിനിമയുടെ വിജയത്തെ കുറിച്ച് വിജയ് ബാബു പറഞ്ഞ കാര്യം ഏറെ ശ്രദ്ധനേടിയിരുന്നു. പടക്കളം ലാഭമാണ് ഇനി നഷ്‍ടമാണെന്ന് പറയേണ്ട എന്നായിരുന്നു എല്ലാ മാസത്തേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിടുന്ന കണക്കുകളെ സൂചിപ്പിച്ച് വിജയ് ബാബു പറഞ്ഞത്. ഇത് വൈറലാകുകയും ചെയ്തിരുന്നു. 

Padakkalam Trailer | Manu Swaraj | Suraj Venjaramoodu | Sharaf U Dheen |Sandeep Pradeep| Vijay Babu

പക്കാ ക്ലീൻ എന്റർടെയ്നറായി ഒരുങ്ങിയ പടക്കളത്തിൽ സുരാജ്, ഷറഫുദ്ദീൻ എന്നിവർക്ക് പുറമെ സന്ധീപ് പ്രദീപ്, സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിതിൻ സി ബാബു ആണ് പടക്കളത്തിന് തിരക്കഥ ഒരുക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..