മുംബൈ: യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി നടന്‍ ശേഖര്‍ സുമന്‍റെ നേതൃത്വത്തിലുള്ള ഫോറം. സുശാന്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. സിബിഐ അന്വേഷണം വരാന്‍ ആവശ്യമായ സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്തുമെന്നും നടന്‍ ശേഖര്‍ സുമന്‍ ട്വീറ്റിലൂടെ വിശദമാക്കി. 

സുശാന്തിന്‍റെ മരണത്തില്‍ ബിഹാറും ഇന്ത്യയും നിശബ്ദമായിരിക്കില്ലെന്നും ശേഖര്‍ സുമന്‍ പറയുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. യഥാര്‍ത്ഥ സത്യത്തിന് പിന്നില്‍  ഒളിഞ്ഞിരിക്കുന്നത് പ്രമുഖരാണെന്ന സൂചനയും സുമന്‍ നല്‍കുന്നു. ഇത്തരക്കാരുടെ പൊള്ളത്തരം പുറത്ത് കൊണ്ടുവരുമെന്നും ശേഖര്‍ സുമന്‍ വിശദമാക്കുന്നു. ഇനിയൊരു സുശാന്ത് ഉണ്ടാവുന്ന സാഹചര്യമുണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് ഫോറം രൂപീകരിക്കുന്നതെന്നും ശേഖര്‍ സുമന്‍ വ്യക്തമാക്കുന്നു. 

ജൂണ്‍ പതിനാലിന് ബാന്ദ്രയിലെ വീട്ടില്‍ യുവ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ട ശേഷം നിരവധി പ്രമുഖരാണ് സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തേക്കുറിച്ച് രൂക്ഷ ആരോപണവുമായി രംഗത്ത് വന്നത്.