ശില്‍പ ബാല പങ്കുവെച്ച ബിടിഎസ് വീഡിയോ.
അഭിനേത്രി, നർത്തകി, അവതാരക എന്നിങ്ങനെ തുടങ്ങി തന്നെ ഏൽപ്പിക്കുന്ന വേഷങ്ങളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് ശിൽപ ബാല. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും അവതാരക എന്ന നിലയില്‍ ശില്‍പ ബാല ഇപ്പോഴും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ശില്‍പ ബാല പങ്കുവയ്‍ക്കുന്ന വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഭർത്താവായ ഡോ. വിഷ്‍ണു ഗോപാലിനൊപ്പം പങ്കുവയ്ക്കുന്ന വീഡിയോകളാണ് കൂടുതലും. കൂട്ടുകാരികൾക്കൊപ്പമുള്ള നിമിഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഷൂട്ട് ചെയ്‍ത് എഡിറ്റ് ചെയ്‍ത ഫൈനൽ വീഡിയോ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതിലും ശിൽപയ്ക്ക് ഇഷ്‍ടം അതിന്റെ ബിഹൈൻഡ് ദ സീൻസ് പുറത്ത് വിടാനാണ്. പ്രേക്ഷകർ ഏറെ ഇഷ്‍ടപ്പെടുന്നതും അത് തന്നെയാണെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്.
ധനുഷിന്റെ ഏറ്റവും ട്രെൻഡിങ് ആയ 'മേഘം കറുക്കത' എന്ന പാട്ടിനൊപ്പം ശിൽപ ബാലയും ഭർത്താവ് വിഷ്‍ണുവും നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ താരം പങ്കുവെച്ച് തരംഗമായിരുന്നു. വളരെ നല്ല അഭിപ്രായമായിരുന്നു വീഡിയോയ്ക്ക് പ്രേക്ഷകർ നൽകിയത്. എന്നാലിപ്പോൾ അതിന്റെ പിന്നാമ്പുറ കാഴ്ച്ചകൾ താരം തന്നെ പങ്കുവെച്ചിരിക്കുകയാണ്. ഓരോ സ്‌റ്റെപ്പിനും എത്ര ടേക്ക് വേണ്ടിവരുന്നുവെന്നും എത്ര കഷ്‍ടപ്പെട്ടാണ് ഓരോ ഷോട്ടും എടുക്കുന്നതെന്നും താരം വ്യക്തമാക്കി. വിഷ്‍ണുവിന്റെ പുറത്ത് ചാടി കയറുന്ന സീനാണ് നിരവധി ടേക്കുകൾക്ക് കാരണമായത്. ഷൂട്ടിങ് കഴിഞ്ഞ വിഷ്‍ണുവിന്റെ അവസ്ഥയെയാണ് എല്ലാവരും സഹതാപത്തോടെ കാണുന്നത്. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
'ഓർക്കുക വല്ലപ്പോഴും' എന്ന ചിത്രത്തിലൂടെയാണ് ശിൽപ ബാല മലയാള സിനിമയിലേക്ക് കടന്നുവന്നത്. വിജി തമ്പിയുടെ 'കെമിസ്ട്രി' എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും ഈ കലാകാരി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ദുബായിൽ നടന്ന അറേബിയ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകമായിരുന്നു.
Read More: പേടിപ്പിച്ചും ചിരിപ്പിച്ചും കത്രീന കൈഫിന്റെ 'ഫോണ്‍ ഭൂത്', ട്രെയിലര്‍
