'നാഗവല്ലി'യെ മറക്കാൻ ആരും തന്നെ അനുവദിക്കില്ലെന്ന് ശോഭന (Shobana Interview).

പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടിയാലേ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളൂവെന്ന് നടി ശോഭന. പ്രേക്ഷകരുടെ സ്‍നേഹമാണ് 'നാഗവ'ല്ലിയെ അനശ്വരമാക്കുന്നത്. സ്‍കൂളുകളില്‍ പ്രൈമറി തലത്തില്‍ തന്നെ നൃത്തം പഠനവിഷയമാക്കണമെന്നും ശോഭന പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം പറയുന്നത് (Shobana Interview).

മാധ്യമങ്ങളില്‍ നിന്ന് താൻ മനപൂര്‍വം മാറിനില്‍ക്കാറില്ലെന്ന് ശോഭന ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൊവിഡായിരുന്നു. ഞാൻ ഒരു സിനിമ ചെയ്‍തു. പിന്നെ എനിക്കും വീടും കുടുംബവുമൊക്കെയുണ്ട്. സ്റ്റുഡൻസിന്റെ കാര്യങ്ങളുമുണ്ട് എന്നും ശോഭന പറഞ്ഞു. ഫോക്കസ്‍ നൃത്തത്തിലേക്ക് തന്നെ മാറിയിട്ട് ഇരുപത് വര്‍ഷമായി. ഫോക്കസ് അങ്ങനെ മാറ്റാൻ കഴിയുന്ന സബ്‍ജക്റ്റ് അല്ല അത്. എന്നെത്തന്നെ വേണം എന്ന് വിചാരിക്കുന്ന ആള്‍ക്കാരുണ്ട് ചില സിനിമക്കാര്‍ക്ക്. ഞാൻ വന്നാല്‍ കൊള്ളാം എന്ന് ചിലര്‍ക്കുണ്ട്. എന്നെ തന്നെ വേണം എന്ന് തന്നെ വിചാരിക്കുന്നവര്‍ തുടര്‍ച്ചയായി വിളിക്കുന്നു. വിനീത്, അനൂപ് എന്നിവരുടെയൊക്കെ സിനിമകള്‍ അങ്ങനെ ചെയ്‍തതാണ് എന്ന് ശോഭന പറഞ്ഞു.

ആര്‍ട് എന്നതിന് ചെറിയ പ്രാധാന്യമേ സമൂഹം കൊടുക്കുന്നുള്ളൂ, സ്‍കൂളുകള്‍ ഡാൻസിനൊന്നും അത്ര പ്രധാന്യം കൊടുക്കുന്നില്ല. നാഷണ്‍ എജുക്കേഷൻ പോളിസി ഇപ്പോള്‍ കുറച്ചുകൂടി പ്രാധാന്യം കൊടുക്കുന്നുണ്ട്. മാറ്റങ്ങള്‍ വന്നാല്‍ അതിന്റെ നേട്ടം കാണണമെങ്കില്‍ 10 വര്‍ഷം എടുക്കണം. പ്രൈമറി തലത്തില്‍ തന്നെ നൃത്തം പഠന വിഷയമായി പഠിപ്പിക്കണമെന്നും ശോഭന പറഞ്ഞു.

'നാഗവല്ലി'യെ മറക്കാൻ തന്നെ ആരും അനുവദിക്കുന്നില്ലെന്നും ശോഭന പറഞ്ഞു. ഇൻസ്റ്റാഗ്രാമിലും മറ്റും പലരും നാഗവല്ലിയെ കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വലിയൊരു ബഹുമതിയാണ്. അതുപോലൊരു ബ്ലോക്ബസ്റ്റര്‍ ക്ലാസിക് സിനിമയില്‍ അഭിനയിക്കാൻ കഴിഞ്ഞത്. 'നാഗവല്ലി'യെ കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നും ശോഭന ചൂണ്ടിക്കാട്ടി.

ഒരു ഷോട്ട് എടുത്ത് മറ്റൊരു ഷോട്ട് എടുക്കും എന്നൊരു രീതിയായിരുന്നു മുമ്പെന്ന് മലയാള സിനിമയുടെ മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശോഭന പറഞ്ഞു.പക്ഷേ ഇപ്പോഴത്തെ ഷൂട്ടിംഗ് ഒരു ഡയലോഗ് പറഞ്ഞ് തീരുമ്പോഴേക്കും കട്ട് പറയും. ഞാൻ വിചാരിക്കും എന്ത് സംഭവിച്ചെന്ന്. മറ്റൊരു ആംഗിളില്‍ അത് എടുക്കണം എന്ന് അവര്‍ പറയും. അങ്ങനെ മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ശോഭന പറയുന്നു.

കൊവിഡ് കാലത്തെ തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ശോഭന മനസ് തുറന്നു. കൊവിഡ് കാലത്തെ തന്റെ 'ഇൻസ്റ്റാഗ്രാം ക്രിയേറ്റിവിറ്റി' കൂട്ടി. നമ്മളൊക്കെ പഴയ തലമുറയാണ്, അതില്‍ ഇതൊക്കെ അറിയില്ല. ഇൻസ്റ്റാഗ്രാമില്‍ എന്തെങ്കിലും ചെയ്യാം എന്ന് സ്റ്റുഡന്റ്‍സ് പറയും. ഇൻസ്റ്റാഗ്രാമില്‍ കുറെ ഇൻഫോര്‍മേഷൻ പാസ് ചെയ്യാം. നമ്മള്‍ പറയുന്ന ഇൻഫോര്‍മേഷൻ എല്ലാവര്‍ക്കും വേണം. അതുകൊണ്ട് എല്ലാവരും അത് കാണും. കല എന്ന് പറയുന്നത് വ്യക്തിപരമായ ഒരു കാര്യവുമാണ്. അത് പുറത്തുള്ള ആള്‍ക്കാര്‍ ഇത് നല്ലതായില്ല, ഇത് നല്ലതായി എന്ന് പറയുമ്പോള്‍ ആദ്യമൊക്കെ വിഷമിപ്പിക്കും. എന്നെയും പലരും വിമര്‍ശിച്ചുണ്ട് മുമ്പ്. ഇപ്പോഴില്ല. യുവാക്കള്‍ക്ക് ഇത് എല്ലാം പേടിയാണ്. ഏതാണ് ശരി. ഏതാണ് ട്രഡിഷണല്‍ എന്നൊക്കെ സംശയമാണ്. ട്രഡിഷൻ ഗുരുവാണ്. അപ്‍ഡേറ്റ് ആയിട്ടുള്ള ഒരു പ്രോഗ്രാം ചെയ്യണം, അല്ലെങ്കില്‍ ട്രെഡിഷണല്‍ ആയി ചെയ്യണം എന്നതൊക്കെ സ്വന്തം ഇഷ്‍ടമാണ് എന്നും ശോഭന പറഞ്ഞു.