ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും സിനിമാ മേഖലയും സഹപ്രവർത്തകരും. വിഖ്യാത ​ഗായകൻ വിടവാങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ എസ്പിബിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി ശോഭന.

'ദളപതി' എന്ന ചിത്രത്തിന് വേണ്ടി എസ്പിബിയും എസ് ജാനകിയും ചേർന്ന് പാടിയ 'സുന്ദരി കണ്ണാല്‍ ഒരു സേതി' എന്ന ഗാനത്തോടെപ്പമാണ് ശോഭന കുറിപ്പ് പങ്കുവയ്ക്കുന്നത്. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടുവെന്നും ശോഭന കുറിക്കുന്നു. 

“ആ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു പാട്ട് തിരയുമ്പോൾ…. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാൻ കള്ളിയുമായിരുന്നു,” ശോഭന കുറിക്കുന്നു.