ആദ്യത്തെ സിനിമയിൽ ഇത്തരമൊരു അഭിനയം അഭിമന്യു കാഴ്ചവച്ചതിൽ ഒരുപാട് അഭിമാനിക്കുന്നുവെന്ന് ഷോബി.
അതുല്യകലാകാരൻ തിലകന്റെ കുടുംബത്തിൽ നിന്നും മറ്റൊരു നടനെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകൻ ആണത്. മാർക്കോ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് അഭിമന്യു ഇപ്പോൾ. ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ടുമെല്ലാം കഥാപാത്രത്തെ ഗംഭീരമാക്കിയ അഭിമന്യുവിനെ കുറിച്ച് ഷോബി തിലകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
തന്നെ വിളിച്ച് പറഞ്ഞിട്ടാണ് മാർക്കോയിൽ അഭിനയിക്കാൻ പോയതെന്നും ആദ്യത്തെ സിനിമയിൽ ഇത്തരമൊരു അഭിനയം കാഴ്ചവച്ചതിൽ ഒരുപാട് അഭിമാനിക്കുന്നുവെന്നും അവനത് നന്നായി ചെയ്യാൻ സാധിച്ചതിലുള്ള സംതൃപ്തിയും ഉണ്ടെന്നും ഷോബി തിലകൻ ഓൺലൈൻ മലയാളി ഈവന്റ് എന്ന യുട്യൂബ് ചാനലിനോട് പറഞ്ഞു.
"സന്തോഷം എന്ന് വെറുതെ പറഞ്ഞാൽ പോര. കാരണം എന്റെ ചേട്ടന്റെ മകനായത് കൊണ്ടുതന്നെ ഒരു വയസുമുതൽ ഞാൻ എടുത്തോണ്ട് നടന്ന ആളാണ്. എന്റെ ബൈക്കിന്റെ മുന്നിലിരുത്തി അവനെയും കൊണ്ട് കൊല്ലം നഗരം ചുറ്റാൻ പോകാറുണ്ടായിരുന്നു. അവന്റെ ആ പ്രായത്തിൽ കൊണ്ടുനടന്നിരുന്നത് ഞാൻ തന്നെയാണ്. അവനോടൊരു പ്രത്യേക സ്നേഹം എനിക്കുണ്ട്. എന്നെ വിളിച്ച് പറഞ്ഞിട്ടാണ് അവൻ മാർക്കോയിൽ അഭിനയിക്കാൻ പോയത്. ഒരുപാട് സന്തോഷം. 'അവൻ നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട്. അവൻ നന്നായിട്ട് ഡബ്ബ് ചെയ്തിട്ടുണ്ട്. ശബ്ദം നന്നായിട്ടുണ്ട്. തിലകന്റെ പാരമ്പര്യം കാത്തു', എന്നാണ് പലരും തന്നോട് പറഞ്ഞതെന്ന് മകളെന്നോട് പറഞ്ഞിരുന്നു. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്. അഭിമന്യുവിനെ നമ്മൾ കേശു എന്നാണ് വിളിക്കുന്നത്. അച്ഛന്റെ അച്ഛന്റെ പേര് കേശവൻ എന്നാണ്. അതിന്റെ ചുരുക്കപ്പേരാണ് കേശു. അവൻ മാർക്കോയിൽ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. ഇനിയും നല്ല കഥാപാത്രങ്ങൾ ഭാവിയിൽ കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുകയാണ്. ആദ്യത്തെ സിനിമയിൽ തന്നെ ഇത്തരമൊരു അഭിനയം കാഴ്ചവച്ചതിൽ ഞാനും ഒരുപാട് അഭിമാനിക്കുന്നു. അവനത് നന്നായി ചെയ്യാൻ സാധിച്ചതിലുള്ള സംതൃപ്തിയും ഉണ്ട്", എന്ന് ഷോബി പറയുന്നു.
68 കിലോയിൽ നിന്ന് 58 കിലോയിലേക്ക്; വീണ്ടും വെയിറ്റ് ലോസ് രഹസ്യം വെളിപ്പെടുത്താതെ ആതിര മാധവ്
"ഞങ്ങളുടെ കുടുംബത്തിൽ എടുത്തുപറയേണ്ടത് ഞങ്ങളുടെ ശബ്ദമാണ്. ആ ശബ്ദം കൊണ്ടാണ് ഞാനും ജീവിക്കുന്നത്. ആ ശബ്ദം തന്നെയാണ് തിലകൻ എന്ന വ്യക്തിയുടെ ഒരു ഐഡന്റിന്റിയും. ഏതോ ഒരു അഭിമുഖത്തിൽ ഈ ശബ്ദം ഇല്ലായിരുന്നെങ്കിൽ തിലകൻ എന്ന നടൻ ഉണ്ടാകുമോന്ന് ചോദിച്ചപ്പോൾ, ഇല്ല ഒരിക്കലും ഉണ്ടാവില്ലായിരുന്നുവെന്നാണ് അച്ഛൻ മറുപടി നൽകിയത്", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
