ചെറിയ ആക്ഷന്‍ സീക്വന്‍സുകളിലും അദ്ദേഹം ഇന്നലെ പങ്കെടുത്തിരുന്നു

മുംബൈ: ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. വെല്‍കം ടു ദി ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. അന്ധേരിയിലെ ഒരു ആശുപത്രിയിലേക്ക് വൈകാതെ എത്തിച്ച അദ്ദേഹത്തിന് ആഞ്ജിയോപ്ലാസ്റ്റി ചെയ്തു. 47 വയസ് ആണ്.

വെല്‍കം ടു ദി ജംഗിള്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഇന്നലെ പകല്‍ മുഴുവനും ശ്രേയസ് പങ്കെടുത്തിരുന്നു. ചെറിയ ആക്ഷന്‍ സീക്വന്‍സുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചിത്രീകരണസമയത്ത് ഉടനീളം ശ്രേയസ് സന്തോഷവാനായാണ് കാണപ്പെട്ടതെന്നും തമാശ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നും സിനിമയുടെ അണിയറക്കാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യ ദീപ്തിയോട് പറയുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീഴുകയും ചെയ്തു. 

മറാഠി സീരിയലുകളിലും സ്റ്റേജ് ഷോകളിലും ഏറെക്കാലം പ്രവര്‍ത്തിച്ചതിന് ശേഷമാണ് സ്പോര്‍ട്സ് ഡ്രാമ ചിത്രം ഇഖ്ബാലിലൂടെ (2005) ശ്രേയസിന് ഒരു കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. ക്രിക്കറ്റ് താരമാവാന്‍ ആഗ്രഹിക്കുന്ന, സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ഇഖ്ബാല്‍ സയീദ് ഖാന്‍ എന്ന നായക കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മറാഠിയിലും ഹിന്ദിയിലുമുള്‍പ്പെടെ നാല്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഡോര്‍, അപ്ന സപ്ന മണി മണി, ഓം ശാന്തി ഓം, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

ALSO READ : 'രണ്‍ബീറിന്‍റെ ആ ആംഗ്യം, എവിടെ സെന്‍സറിംഗ്'? 'അനിമലി'നെതിരെ വിമര്‍ശനവുമായി വിജയ് ചിത്രത്തിന്‍റെ ക്യാമറാമാന്‍