മുംബൈ: ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് ബോളിവുഡ് നടൻ സോനു സൂദ്. പരീക്ഷയെഴുതാന്‍ പോകുന്ന 26 ലക്ഷം വിദ്യാര്‍ഥികളെ നമ്മള്‍ ഈ ഘട്ടത്തില്‍ പിന്തുണച്ചേ മതിയാകൂ എന്ന് സോനു മാധ്യമങ്ങളോട് പറഞ്ഞു. 

"ഞാന്‍ ഈ വിദ്യാര്‍ഥികളോടൊപ്പമാണ്. പരീക്ഷയെഴുതാന്‍ പോകുന്ന 26 ലക്ഷം വിദ്യാര്‍ഥികളെ നമ്മള്‍ ഈ ഘട്ടത്തില്‍ പിന്തുണച്ചേ മതിയാകൂ. ബീഹാറിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും പ്രളയ ബാധിതമേഖലകളിലുള്ളവരാണ്. അവരെങ്ങനെയാണ് യാത്ര ചെയ്യുക? പണമോ താമസിക്കാന്‍ സ്ഥലമോ ഇല്ലാത്തവരാണ് ഇവരില്‍ ഭൂരിഭാ​ഗം പേരും. അത്തരം വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ല", സോനു എൻഡിടിവിയോട് പറഞ്ഞു. 

നവംബര്‍-ഡിസംബര്‍ വരെ വിദ്യാര്‍ഥികള്‍ക്ക് സമയം നൽകണമെന്നും മാനസികമായ തയ്യെറെടുപ്പുകൾക്ക് സമയം നൽകികൊണ്ട് പരീക്ഷകള്‍ നടത്തുന്നതാണ് നല്ലതെന്നും സോനു പറഞ്ഞു.‘ഞാനുമൊരു എഞ്ചിനീയര്‍ ആണ്. രാജ്യത്തെ വിവിധ വകുപ്പുകളില്‍ കഴിവ് തെളിയിക്കേണ്ട പുത്തന്‍ മുകുളങ്ങളെ ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കുന്നത് ശരിയല്ല’ സോനു കൂട്ടിച്ചേർത്തു.

അതേസമയം,  കൊവിഡ്, പ്രളയ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകള്‍ നടത്തുന്നത് ഉചിതമല്ലെന്നും മാറ്റിവെക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെയും ആവശ്യം. എന്നാൽ, പരീക്ഷ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ ആറ് മുതലാണ് ജെഇഇ, നീറ്റ് പരീക്ഷകള്‍.