വിഖ്യാത നടൻ സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് സൗമിത്ര  ചാറ്റര്‍ജിയെ ദക്ഷിണ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നുവെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. പക്ഷേ തീവ്രപരിചരണത്തില്‍ തുടരുകയാണ്.

എണ്‍പത്തിരണ്ടുകാരനായ സൗമിത്ര  ചാറ്റര്‍ജിയുടെ ആരോഗ്യനില അപകടകരമായ അവസ്ഥയിലല്ലെന്ന് മകള്‍ പൌലമി ബസുവും അറിയിച്ചു. അറുപതുവര്‍ഷത്തെ സിനിമജീവിതത്തില്‍ ഒട്ടേറെ പുരസ്‍കാരങ്ങള്‍ സ്വന്തമാക്കിയ നടനാണ് സൗമിത്ര ചാറ്റര്‍ജി.

സൗമിത്ര ചാറ്റർജി ആദ്യമായി അഭിനയിച്ചത് 1959 ൽ സത്യജിത് റേ സംവിധാനം ചെയ്‍ത അപുർ സൻസാർ എന്ന ചിത്രത്തിലാണ്. സത്യജിത് റേയുടെ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച സൗമിത്ര ബംഗാളിലെ മറ്റ് പ്രമുഖ സംവിധായകരായ മൃണാൾ സെൻ, തപൻ സിൻഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിട്ടുണ്ട്.

സൗമിത്ര ചാറ്റര്‍ജിയെ   പത്മഭൂഷൻ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്‍ക്ക് സൗമിത്ര ചാറ്റര്‍ജിക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്.