Asianet News MalayalamAsianet News Malayalam

Sreejith Ravi : ശ്രീജിത്ത് രവി പണ്ടുമുതലേ പ്രശ്നക്കാരൻ; കുട്ടികൾക്ക് മുന്നിലെ നഗ്നത പ്രദര്‍ശനം ഇതാദ്യമായല്ല

2016 ഓഗസ്റ്റില്‍ ആയിരുന്നു ശ്രീജിത്തിനെതിരെ സമാനമായ മറ്റൊരു കേസ് വന്നത്. 

actor sreejith ravi accused of pocso case in earlier
Author
Kochi, First Published Jul 7, 2022, 6:06 PM IST

കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിയാണ്(Sreejith ravi) ഇപ്പോൾ മലയാള സിനിമാ ലോകത്തെ ചർച്ചാ വിഷയം. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇയാള്‍ ഇവിടെ നിന്നും  പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നുവെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട്പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ശ്രീജിത്തിന്റെ കാറിനെ കുറിച്ച് സൂചനകൾ ലഭിച്ചതുമാണ് കേസിൽ വഴിത്തിരിവായത്. എന്നാൽ ഇതാദ്യമായല്ല ശ്രീജിത്ത് രവിക്കെതിരെ സമാനമായ കേസ് വരുന്നത്. 

2016 ഓഗസ്റ്റില്‍ ആയിരുന്നു ആ സംഭവം നടന്നത്. അന്ന് പാലക്കാട് പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയാണ് ശ്രീജിത്ത് ന​ഗ്നതാ പ്രദർശനം നടത്തിയത്. അന്ന് ശ്രീജിത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു. പോക്‌സോ പ്രകാരം തന്നെ ആയിരുന്നു അന്നും കേസ് രജിസ്റ്റര്‍ ചെയ്തത്.  സംഭവത്തിൽ ശ്രീജിത്ത് രവി മാപ്പ് പറഞ്ഞതായും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതുമായാണ് വിവരം.

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. 14 ദിവസത്തേക്ക് റിമാന്‍റില്‍

അതേസമയം, ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍റ് ചെയ്തിട്ടുണ്ട്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. നടന്‍റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവിയുടെ അഭിഭാഷകന്‍ കോടതിയിലെ ജാമ്യഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ പ്രതി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

സംഭവത്തില്‍ താരസംഘടനയായ 'അമ്മ' പരിശോധന തുടങ്ങിയിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ തേടാൻ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 'അമ്മ' ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios