ശ്രീജിത്ത് രവിക്ക് എതിരെയായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികരണം.

ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസിൽ പെണ്‍കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടർന്നുവെന്നും വീടിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിറ്റേ ദിവസവും ഇയാൾ കുട്ടികളെ പിന്തുടർന്ന് നഗ്നത പ്രദർശനത്തിന് ശ്രമിച്ചു. വീട്ടുകാർ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിനെതിരെ ചുമത്തിയത് 3 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ്. സ്‍ത്രീകളോടുള്ള അതിക്രമം, പോക്സോ വകുപ്പുകളുമാണ് ശ്രീജിത്ത് രവിക്ക് ചുമത്തിയിട്ടുണ്ട് (Sreejith Ravi).

തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്‍തത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്‍തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്. 

രണ്ട് ദിവസം മുൻപാണ് സംഭവം. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി.

ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്‍തു. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‍നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

YouTube video player

Read More : കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ