മാര്‍ച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. 

കൊച്ചി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ(Sreenivasan) ആരോഗ്യ നില മെച്ചപ്പെടുന്നു. വെന്റിലേറ്റർ സംവിധാനം മാറ്റിയെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്. 

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ ശ്രീനിവാസന്റെ 66ാം ജൻമദിനമായിരുന്നു.

അതേസമയം, ലൂയിസ് എന്ന ചിത്രമാണ് ശ്രീനിവസന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാ​ഗതനായ ഷാബു ഉസ്മാൻ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് 'ലൂയിസി'ൻ്റെ ചിത്രീകരണം നടക്കുന്നത്. ശ്രീനിവാസൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, പ്രേക്ഷകന് പുത്തൻ അനുഭവമായിരിക്കും നൽകുകയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, ഡോ.റോണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയ വർഗ്ഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവരാണ് മറ്റഭിനേതാക്കൾ. മനു​ഗോപാലാണ് തിരക്കഥയും സംഭാഷണവും. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിലാണ് ചിത്രം നിർമ്മിക്കുന്നത്.