മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കളങ്കാവല്‍ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരുന്നു
മലയാള സിനിമയെ സംബന്ധിച്ച് പരീക്ഷണ സ്വഭാവമുള്ളതും മികവ് പുലര്‍ത്തുന്നതുമായ നിരവധി സിനിമകള്‍ എത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതിന്‍റെ മുന്‍നിരയില്‍, സിനിമകളുടെ തെരഞ്ഞെടുപ്പുകളില്‍ അമ്പരപ്പിച്ചുകൊണ്ട് എപ്പോഴും മമ്മൂട്ടിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രവും അങ്ങനെതന്നെ. കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത സ്വഭാവത്തിലുള്ള ഒരു പ്രതിനായക കഥാപാത്രത്തെയാണ് കളങ്കാവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വേറിട്ട വഴികളിലൂടെയുള്ള സഞ്ചാരത്തെ എപ്പോഴും കൈയടിച്ച് പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രേക്ഷകര്‍ ഇക്കുറി കൂടുതല്‍ ആവേശത്തോടെയാണ് കളങ്കാവലിനെ വരവേറ്റിരിക്കുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ച മുതല്‍ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും കുതിക്കുകയാണ്. ഇപ്പോഴിതാ ഞായറാഴ്ച കൂടി ചേര്‍ത്തുള്ള ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.
കേരളത്തില്‍ വെള്ളിയാഴ്ചത്തേക്കാള്‍ കളക്ഷനാണ് ചിത്രം ശനിയാഴ്ച നേടിയിരുന്നത്. അതിലും അധികമാണ് ഞായറാഴ്ച നേടിയത് എന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 15.7 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. ഇത് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണ്. ഭീഷ്മ പര്‍വ്വവും ടര്‍ബോയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തിയത് വ്യാഴാഴ്ചകളില്‍ ആയിരുന്നു. അതിനാല്‍ത്തന്നെ അവയുടെ ഓപണിംഗ് വീക്കെന്‍ഡ് നാല് ദിവസത്തേതാണ്. അങ്ങനെ നോക്കുമ്പോള്‍ അവയേക്കാള്‍ മികച്ച രീതിയില്‍ ബോക്സ് ഓഫീസില്‍ പെര്‍ഫോം ചെയ്തിരിക്കുന്നത് കളങ്കാവല്‍ ആണ്.
ആഗോള ബോക്സ് ഓഫീസിലും സമാനമാണ് അവസ്ഥ. ട്രാക്കര്‍മാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് കളങ്കാവല്‍ ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 44- 45 കോടിയാണ്. ഭീഷ്മ പര്‍വ്വം 44.6 കോടിയും ടര്‍ബോ 44.55 കോടിയുമാണ് ആദ്യ വാരാന്ത്യത്തില്‍ നേടിയത്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളുടെയും ഫസ്റ്റ് വീക്കെന്‍ഡ് 4 ദിനങ്ങള്‍ നീണ്ടതാണ്. അതേസമയം പുറത്തെത്തിയ കണക്ക് അനുസരിച്ച് മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ എട്ടാമത്തെ ആദ്യ വാരാന്ത്യ കളക്ഷനുമാണ് കളങ്കാവല്‍ നേടിയിരിക്കുന്നത്. ബോക്സ് ഓഫീസില്‍ മികച്ച തുടക്കം ലഭിച്ച ചിത്രം പ്രവര്‍ത്തി ദിനങ്ങളില്‍ എത്തരത്തില്‍ കളക്റ്റ് ചെയ്യുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.



