ട്രോളിക്കോളൂ. പക്ഷേ കൊല്ലരുതെന്നും അനുപമ പരമേശ്വരന്‍ പറയുന്നു.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന ചിത്രം. ഒരു വർഷവും എട്ട് മാസത്തിനും ഇപ്പുറം റിലീസ് ചെയ്യുന്ന സുരേഷ് ഗോപി ചിത്രം എന്ന പ്രത്യേകതയും ജെഎസ്കെയ്ക്ക് ഉണ്ട്. 2022ൽ ആരംഭിച്ച സിനിമ മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ജൂൺ 27ന് ഈ കോർട് റൂം ഡ്രാമ തിയറ്ററുകളിൽ എത്തും. റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് പ്രമോഷൻ പരിപാടികൾ നടന്നിരുന്നു. ഇതിനിടെ നടി അനുപമ പരമേശ്വരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ഒരിടവേളയ്ക്ക് ശേഷം അനുപമ മലയാളത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ് ജെഎസ്കെ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നതും. 'കുറച്ചു നാളുകൾക്ക് ശേഷം ഞാൻ മലയാളത്തിൽ ചെയ്തൊരു സിനിമയാണ് ജെഎസ്കെ. ഒരുപാട് പേരെന്നെ മലയാളത്തിൽ റിജക്ട് ചെയ്തിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകളൊക്കെ ഏറ്റുവാങ്ങി. പക്ഷേ എനിക്ക് ജാനകിയെ വിശ്വസിച്ച് തന്നതിന് പ്രവീൺ( സംവിധായകൻ) ചേട്ടനോട് നന്ദി. സമ്മർ ഇൻ ബത്ലഹേം, ചിന്താമണി കൊലക്കേസ്, തെങ്കാശിപട്ടണം തുടങ്ങി സിനിമകളൊക്കെ കണ്ട് ആരാധികയായ എന്നെ പിടിച്ച് ഈ സിംഹത്തിന്റെ(സുരേഷ് ഗോപി) മുന്നിലിട്ടതിന് ഒരുപാട് നന്ദി. ശക്തമായ സ്ത്രീ കഥാപാത്രമാണ് ജെഎസ്കെയിൽ എനിക്കുള്ളത്. അതെന്റെ കയ്യിൽ കൊണ്ടുവന്നു തന്നത് പ്രവീൺ ചേട്ടനാണ്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇനിയും എന്നെ എല്ലാവരും സപ്പോർട്ട് ചെയ്യണം. നിങ്ങൾ ട്രോളിക്കോളൂ. പക്ഷേ കൊല്ലരുത്', എന്നായിരുന്നു അനുപമയുടെ വാക്കുകൾ.
പിന്നാലെ അനുപമയ്ക്ക് മറുപടിയുമായി സുരേഷ് ഗോപിയും എത്തി. 'ഇതാദ്യത്തെ സംഭവമല്ല അനുപമ. എനിക്ക് അറിയാവുന്നൊരു സത്യമുണ്ട്. സിമ്രൻ. ഒരുപാട് തവണ മലയാളം അവഹേളിച്ച് വിട്ടൊരു നായികയാണ് അവർ. പക്ഷേ പിന്നീട് മലയാളത്തിലൊരു സിനിമയിൽ നായികയായി വരാൻ അവരുടെ പിന്നാലെ നടന്ന വമ്പൻ സംവിധായകരെ എനിക്കറിയാം. അസിൻ, നയൻതാര തുടങ്ങിയവരെല്ലാം ഇന്ന് ലോകം മുഴുവൻ ഒട്ടനവധി ആരാധകരുള്ള നായികമാരാണ്. അതുപോലെ തന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. കർമ എന്നൊരു സംഭവം ആണത്. അങ്ങനെ സംഭവിച്ചേ പറ്റൂ', എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.



