കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ച് നടൻ സുരേഷ് ഗോപി.

നടൻ സുരേഷ് ഗോപിക്ക് (Suresh Gopi) കൊവിഡ് സ്ഥിരീകരിച്ചു. താൻ ക്വാറന്റൈനില്‍ പോയിരിക്കുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും തനിക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് കോവിഡ്-19 പോസിറ്റീവ് ആയി. ഞാൻ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വളരെ കർശനമായിരിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നതായും സുരേഷ് ഗോപി പറയുന്നു.

അടുത്തിടെ മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി. എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടി എഴുതിയിരുന്നു.

നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഗായിക ലതാ മങ്കേഷ്‍കറും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ലതാ മങ്കേഷ്‍കര്‍ ഐസിയുവിലാണെങ്കിലും രോഗം ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് ലതാ മങ്കേഷ്‍കര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിടാനാകുക എന്ന് അറിവായിട്ടില്ല.