കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തെക്കുറിച്ച് നടൻ തമ്പി ആന്‍റണി 

കേരളത്തിലെയും കർണാടകയിലെയും വ്യവസായ ലോകത്തെ നടുക്കിയ ഒന്നായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയ്‍യുടെ മരണം. ജനുവരി 30 ന് ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയത്. ഇപ്പോഴിതാ സി ജെ റോയ്‍യെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നടന്‍ തമ്പി ആന്‍റണി. സോഷ്യല്‍ മീഡിയയിലൂടെയാണ് തമ്പി ആന്‍റണിയുടെ കുറിപ്പ്.

Add Asianetnews as a Preferred SourcegooglePreferred

തമ്പി ആന്‍റണിയുടെ കുറിപ്പ്

സി ജെ റോയിയുടെ പതനം!

“ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കൂടും”

എന്നത് ഏതൊരു വന്മരത്തിനും ബാധകമായ സത്യം തന്നെയാണ്.

ഇത് ഞാൻ ഒരിക്കൽ ഇന്നത്തെ ചിന്തയായി എഫ് പേജിൽ കുറിച്ചിട്ടതാണ്. അത് തന്നെ, കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയിയുടെ പതനത്തിലും നാം കാണുന്നു. ആത്മഹത്യക്കുറിപ്പ് മുൻകൂട്ടി എഴുതി വെച്ച സാഹചര്യത്തിൽ, അതും അത്ര വിശ്വസനീയമല്ല, അല്ലെങ്കിൽ പെട്ടെന്നുണ്ടായ മാനസിക സംഘർഷം കൊണ്ടാണ് സ്വയം വെടിവെച്ചതെന്ന് വിശ്വസിക്കാൻ എനിക്കിപ്പോഴും പ്രയാസമുണ്ട്.

നമ്പൂതിരിയുടേത് ക്രിസ്റ്റൽ ഗ്രൂപ്പിനെ ചതിച്ചെന്ന ആരോപണം ഞാൻ വിശ്വസിക്കുന്നില്ല. ക്രിസ്റ്റൽ ഗ്രൂപ്പിനെ നിരവധി ഉയരങ്ങളിലേക്ക് എത്തിച്ചത് സി. ജെ. റോയിയുടെ സാന്നിധ്യം തന്നെയായിരിക്കണം. അല്ലായിരുന്നുവെങ്കിൽ, ഒരു നിക്ഷേപവുമില്ലാതെ ബുദ്ധിമാനായ നമ്പൂതിരി റോയിയെ പങ്കാളിയാക്കുമായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ബിസിനസ് ലോകത്ത് സാധാരണമാണ്.

പിന്നീട് ഉണ്ടായ പിണക്കങ്ങളും വേർപാടും അത്ര അസ്വാഭാവികമായ കാര്യങ്ങളുമല്ല. ഇതെല്ലാം സംബന്ധിച്ച് സംസാരിക്കേണ്ടത് നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. എന്നാൽ അവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ എവിടെയാണെന്ന കാര്യത്തിൽ പോലും ആര്‍ക്കും വ്യക്തമായ അറിവില്ല.

ഒരു സിനിമാ നിർമാതാവെന്ന നിലയിലാണ് ഞാൻ ആദ്യം സി ജെ റോയിയെക്കുറിച്ച് കേൾക്കുന്നത്. കാസിനോവ എന്ന സിനിമയിൽ എന്റെ അമേരിക്കയിലുള്ള ഒരു സുഹൃത്ത് നിർമാണപങ്കാളിയായപ്പോഴാണ് അദ്ദേഹത്തിന്റെ പേര് പരിചയത്തിലാകുന്നത്. അന്ന് ആ സുഹൃത്ത് എന്നോട് ഉപദേശം ചോദിച്ചപ്പോൾ, “പറ്റുമെങ്കിൽ എത്രയും വേഗം നിക്ഷേപിച്ച തുക തിരിച്ചെടുക്കുക; പുതിയ സംരംഭം തുടങ്ങുന്നതാണ് നല്ലത്” എന്നാണ് ഞാൻ പറഞ്ഞത്. സിനിമാ നിർമാണത്തിൽ എനിക്ക് തന്നെ ഉണ്ടായ നഷ്ട്ടാനുഭവങ്ങളാണ് ആ നിരുത്സാഹപെടുത്തലിന്റെ കാരണം.

സുഹൃത്ത് ആ ഉപദേശം സ്വീകരിച്ചതുകൊണ്ട് ഒരു വലിയ നഷ്ടം ഒഴിവായി. പിന്നീട് കാസിനോവ റോയിക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്ന വാർത്തയും പുറത്തുവന്നു.

അതിനു ശേഷവും സോഷ്യൽ മീഡിയയിലെ സി ജെ റോയിയെ ഞാൻ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നില്ല. മറ്റേതോ റോയ് ആകുമെന്നാണ് കരുതിയത്. അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കുശേഷമാണ് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുന്നത്, അവ എന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.

“പ്ലെയിൻ യാത്രയിൽ പ്ലെയിൻ ക്രാഷ് ചെയ്യാൻ പോകുകയാണെന്ന് പൈലറ്റ് അനൗൺസ് ചെയ്താലും ഞാൻ ഡപ്പാംകുത്തു കളിക്കും. ജീവിതം ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണ്” എന്നാണ് സി.ജെ.ആർ ഒരു വീഡിയോയിൽ പറയുന്നത്.

അതായത്, മരണത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് തന്നെ കരുതാം.

ഇംഗ്ലീഷ് കവിയായ ജോൺ ഡൺ (John Donne) പറഞ്ഞ

“Death, be not proud” എന്ന കാവ്യവചനം അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതുപോലെ.

പന്ത്രണ്ടോളം റോൾസ് റോയിസുകൾ, നടക്കുമ്പോൾ പതിനഞ്ചോളം അംഗരക്ഷകർ, ഹോട്ടലുകളിൽ താമസിക്കുമ്പോൾ മുഴുവൻ ഫ്ലോർ ബുക്ക് ചെയ്യൽ, പ്രത്യേക എലിവേറ്റർ…ഇത്രയും സുരക്ഷാഭ്രമം ആരെ പേടിച്ചിട്ടായിരുന്നു?സമ്പത്ത് മുഴുവൻ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ കയ്യടിയോ അസൂയയോ നേടാനുള്ള വ്യഗ്രത, ഇതിന്റെയൊക്കെ ഉദ്ദേശം എന്തായിരുന്നു?

പെട്ടെന്ന് പണക്കാരനായാൽ ചിലർക്കുണ്ടാകുന്ന ഒരു മാനസികാവസ്ഥ അതിന്റെയൊരു മൂർദ്ധന്യാവസ്ഥയിലായിരുന്നു സി ജെ റോയി എന്ന് തോന്നുന്നു. ഇത്രത്തോളം വിദ്യാഭ്യാസവും അനുഭവവും ഉള്ള ഒരാൾ അതും Dr. CJ Roy, അത്തരം ഒരു മാനസികാവസ്ഥയിലെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.

അദ്ദേഹത്തിന്റെ അവസാന വീഡിയോകളിലെ ശരീരഭാഷയും ശരീരാവസ്ഥയും പ്രത്യേകം ശ്രദ്ധയിൽപ്പെട്ടു. ജീവിതം ആഘോഷിക്കുന്നതായി ശരീരഭാഷ പറയുമ്പോഴും, ശരീരം തീർത്തും അനോരോഗ്യപരമായി കാണപ്പെട്ടു. പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ സ്വന്തം ആരോഗ്യത്തെ അവഗണിക്കുന്ന സമ്പന്നരെ കണ്ടാൽ അതാണ് എനിക്കേറ്റവും അതിശയകരമായി തോന്നുന്നത്. എന്തൊക്കെ നേടിയാലും, ആരോഗ്യമില്ലെങ്കിൽ അതിനൊക്കെ എന്ത് വില? സ്വയം മരിച്ചില്ലായിരുന്നെങ്കിലും അധികനാൾ ജീവിച്ചിരിക്കാനുള്ള ഒരു ശരീരഭാഷ ആയിരുന്നില്ല റോയിയുടേത്. ഈ അവസ്ഥ മറ്റുള്ള സമ്പന്നർക്കെങ്കിലും ഒരു പാഠമാകട്ടെ.

എത്ര പണമുണ്ടാക്കിയാലും, തിരക്കുണ്ടെങ്കിലും ദിവസേന ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകുക. പണം പോയാൽ വീണ്ടും ഉണ്ടാക്കാം;ആരോഗ്യം പോയാൽ പണം കണ്ട് എന്ത് പ്രയോചനം?

ഇപ്പോൾ ഓർമയിൽ വരുന്നത് കമ്പ്യൂട്ടർ മാന്ത്രികനും ബില്യണറുമായ സ്റ്റീവ് ജോബ്സിന്റെ അവസാനകാല വാക്കുകളാണ്:

“I have all the money in the world…

but I can’t buy health.”

അവസാനം ബാക്കിയാകുന്ന പാഠം ഇത്രമാത്രം:

Health is wealth.

അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോവുക നിർഭാഗ്യകരമാണ്. ആ അമ്മയുടെയും കുടുംബത്തിന്റെയും സങ്കടങ്ങൾ കണ്ടുനിൽക്കാനാവില്ല.

പ്രണാമം

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming