വിഡ്ഢിയെന്ന് പരിഹസിക്കും, കഴിവില്ലാത്തവനെന്ന് മുദ്രകുത്തും, പക്ഷേ..; ശ്രദ്ധനേടി ടൊവിനോയുടെ പഴയ പോസ്റ്റ്
ടൊവിനോ തോമസിന്റെ പഴയൊരു പോസ്റ്റാണ് വീണ്ടും വൈറൽ ആകുന്നത്.

പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് എത്തിയ നടനാണ് ടൊവിനോ തോമസ്. പിന്നീട് സഹസംവിധായകനായും വില്ലൻ വേഷങ്ങളിലൂടെയും തിളങ്ങിയ ടൊവിനോ ഇന്ന് മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമായി ശ്രദ്ധിക്കപ്പെട്ട ടൊവിനോ ഇപ്പോൾ ഏഷ്യയിലെ തന്നെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരമായ 2018 എന്ന സിനിമയിലൂടെ ആണ് ടൊവിനോ ഈ നേട്ടം കൈവരിച്ചത്. ഈ സന്തോഷത്തിന് പിന്നാലെ ഇപ്പോൾ ഇന്ത്യയുടെ ഔദ്യോഗിക ഒസ്കർ എൻട്രിയായും 2018നെ തെരഞ്ഞെടുത്തിട്ടുണ്ട്.
മലയാള സിനിമ ലോകമ്പൊടുമായി അറിയപ്പെടുന്നതിനിടെ ടൊവിനോ തോമസിന്റെ പഴയൊരു പോസ്റ്റാണ് വീണ്ടും വൈറൽ ആകുന്നത്. 2011 ജൂണിൽ ആണ് ടൊവിനോ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്", എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾ. ടൊവിനോയുടെ പോസ്റ്റുകൾക്ക് താഴെ ഈ കുറിപ്പ് പങ്കുവച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
2018 ഒസ്കർ എൻട്രിയെ കുറിച്ചും സെപ്റ്റിമിയസ് അവാർഡിനെ കുറിച്ചും ടൊവിനോ പ്രതികരിച്ചിട്ടുണ്ട്. "കഴിഞ്ഞ ദിവസം സെപ്റ്റിമിയസ് അവാർഡ് കിട്ടി. ഇന്നലെ തന്നെ അതിന്റെ സന്തോഷം എല്ലാവരുമായി പങ്കുവച്ചിരുന്നു. ഭയങ്കര സന്തോഷം തരുന്നൊരു കാര്യം ആയിരുന്നു അത്. ഇന്ന് രാവിലെ ഞാൻ ഉറക്കമെഴുന്നേൽക്കുന്നത് 2018 എന്ന് സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഒസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് ഇരട്ടി മധുരമാണ്. നമ്മൾ ഒരുപാട് സ്വപ്നം കാണുന്ന കാര്യമാണ് ഇതൊക്കെ. അതാണ് ഇപ്പോൾ ഡബിൾ ധമാക്കയായി രണ്ട് ദിവസത്തിൽ കിട്ടിയത്", എന്നാണ് ലൈവ് വീഡിയോയിൽ ടൊവിനോ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..