ഉള്ളൊഴുക്ക് എന്ന സിനിമയുടെ പ്രചരണാര്‍ഥമാണ് ഉര്‍വ്വശി എത്തിയത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ മത്സരാര്‍ഥികളെ കാണാനായി ഒരു വിശിഷ്ടാതിഥി എത്തി. നടി ഉര്‍വ്വശിയാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഉള്ളൊഴുക്കിന്‍റെ പ്രൊമോഷന്‍റെ ഭാഗമായിക്കൂടിയാണ് ഉര്‍വ്വശി എത്തിയത്. ആരും പരിചയപ്പെടുത്തേണ്ടെന്നും എല്ലാവരെയും അറിയാമെന്ന മുഖവുരയോടെയാണ് ഉര്‍വ്വശി എത്തിയത്.

ഇപ്പോള്‍ എന്താണ് തോന്നുന്നതെന്നും ഇവിടെ നില്‍ക്കണമെന്നാണോ പോകണമെന്നാണോ തോന്നുന്നതെന്നും ഉര്‍വ്വശി ചോദിച്ചു. പോകണമെന്നാണ് തോന്നുന്നതെന്ന് ജാസ്മിന്‍ മറുപടി നല്‍കി. അത് എന്തുകൊണ്ടാണെന്ന ഉര്‍വ്വശിയുടെ ചോദ്യത്തിന് ഇത്രയും ദിവസം ഇവിടെ നിന്നു. ഇനി പോകണമെന്നായിരുന്നു ജാസ്മിന്‍റെ മറുപടി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ മത്സരാര്‍ഥികള്‍ക്കൊപ്പം കണ്ട ഉര്‍വ്വശി ചിത്രം നല്‍കിയ അനുഭവങ്ങളെക്കുറിച്ചും പറഞ്ഞു. 

ഏറെ കഷ്ടപ്പെട്ട് നടത്തിയ ചിത്രീകരണമാണ് ഈ സിനിമയുടേതെന്നും 40 ദിവസത്തോളം മുട്ടറ്റം വെള്ളത്തില്‍ നിന്നാണ് തങ്ങള്‍ അഭിനയിച്ചതെന്നും ഉര്‍വ്വശി പറഞ്ഞു. താന്‍ എത്തുന്നതിനുവേണ്ടി നാല് വര്‍ഷമാണ് സംവിധായകന്‍ ക്രിസ്റ്റോ ടോമി കാത്തു നിന്നതെന്നും. ഫീല്‍ ഗുഡ് ചിത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ഇപ്പോള്‍ ആഗ്രഹം. അതിലൂടെ പ്രേക്ഷകര്‍ക്ക് ചെറിയ നൊമ്പരം കൊടുക്കാനും ഇഷ്ടമാണ്. ഒരുപാട് കാലമായി അഭിനയത്തില്‍ ഗ്ലിസറിന്‍ ഉപയോഗിക്കാത്ത ആളാണ് ഞാന്‍. അപ്പോള്‍ അത്തരം വൈകാരിക തീവ്രതയുള്ള രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അതില്‍ പെട്ടുപോകും. അതില്‍ നിന്ന് തിരികെ വരാന്‍ പിന്നെ സമയമെടുക്കും, ഉര്‍വ്വശി പറഞ്ഞു. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഉള്ളൊഴുക്ക് ജൂണ്‍ 21 ന് തിയറ്ററുകളില്‍ എത്തും. 

ALSO READ : പകര്‍ന്നാട്ടത്തില്‍ വിസ്‍മയിപ്പിച്ച് അര്‍ജുന്‍; ഒടുവില്‍ ബിഗ് ബോസ് തന്നെ വിളിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം