ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തുന്നത്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വന്ന പോസ്റ്ററുകൾക്കും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കൊച്ചിയിലെത്തി മലയാളികളെ ആവശേത്തിലാഴ്ത്തിയിരിക്കുകയാണ് വിജയ്. 

ഇന്ന് ഉച്ചയോടെയാണ് വിജയ് ദേവരക്കൊണ്ടയും അനന്യ പാണ്ഡെയും മറ്റ് അണിയറ പ്രവർത്തകരും കൊച്ചിയിൽ എത്തിയത്. കലൂർ സ്റ്റേഡിയത്തിൽ വച്ച് വൈകുന്നേരം ആറ് മണിക്ക് വൻ വരവേൽപ്പോടെയാണ് ആരാധകർ താരങ്ങളെ സ്വാ​ഗതം ചെയ്തത്. മലയാള താരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിജയ് നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോഹൻലാൽ എന്ന പേര് കേൾക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് ലയൺ എന്നും മമ്മൂട്ടി ടൈ​ഗർ ആണെന്നുമാണ് താരം പറയുന്നത്. 

ദുൽഖറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അപ്പോൾ മമ്മൂക്ക എൻ്റെ അങ്കിൾ ആണ്. ദുൽഖർ കുഞ്ഞിക്കയാണെന്നും വിജയ് പറയുന്നു. കണ്ണ് കൊണ്ട് അഭിനയിക്കുന്ന ആളാണ് ഫഹദ് ഫാസിൽ എന്നും താരം പറയുന്നു. ഹാഡ്സം ആണ് ടൊവിനോ തോമസെന്നും വിജയ് കൂട്ടിച്ചേർക്കുന്നു. പിന്നാലെ ഓരോ നടന്മാരുടെ ഡയലോ​ഗുകളും താരം അനുകരിക്കുന്നുണ്ട്. വിജയിയുടെ പെർഫോർമൻസിനെ നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ ഏറ്റെടുത്തത്. 

ട്വിറ്ററില്‍ ഇനി 'ലൈഗര്‍' ഇമോജിയും, വിജയ് ദേവെരകൊണ്ട ചിത്രത്തിന് വമ്പൻ പ്രമോഷണ്‍

അതേസമയം, ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തുന്നത്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധായകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.