വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. മുറിയിലേക്ക് മാറ്റിയ അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെന്നിന്ത്യൻ സൂപ്പർ താരം വിക്രമിന്‍റെ ( Actor Vikram ) ആരോഗ്യനില ത‍ൃപ്തികരമായി തുടരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് നെഞ്ചുവേദനയെ തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. മുറിയിലേക്ക് മാറ്റിയ അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വിക്രത്തിന് നാളെ തന്നെ ആശുപത്രി വിടാനാകുമെന്നാണ് വ്യക്തമാകുന്നത്.

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവന്റെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനിരുന്നതിന് തൊട്ടുമുമ്പാണ് വിക്രമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ പിന്നിട് മകൻ ധ്രുവ് വിക്രമടക്കമുള്ളവ‍ർ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

വിക്രമിന് ഹൃദയാഘാതമല്ല; വാര്‍ത്തകൾ തള്ളി ധ്രുവ് വിക്രം

നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തകൾ തള്ളി വൈകിട്ടോടെയാണ് മകനും നടനുമായ ധ്രുവ് വിക്രം രംഗത്തെത്തിയത്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും മകൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് ധ്രുവ് പറഞ്ഞു. ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തിന് സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് പറഞ്ഞിരുന്നു. വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്. ​' ഗെറ്റ് വെൽ സൂൺ ചിയാൻ ' എന്ന ഹാഷ് ടാ​ഗ് ഇപ്പോൾ ട്വിറ്ററിൽ ട്രെന്റിം​ഗ് ആണ്. 

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം; ​ഗംഭീര വിഷ്വൽ ട്രീറ്റ്; 'പൊന്നിയിന്‍ സെല്‍വന്‍-1' ടീസർ