ജനുവരി 31ന് ചിത്രം തെലുങ്കിൽ റിലീസ് ചെയ്യും.
ചിത്രീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടും തിയറ്ററിൽ എത്താതിരുന്ന തമിഴ് ചിത്രമായിരുന്നു മദ ഗജ രാജ. ഒടുവിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വിശാൽ ചിത്രം തിയറ്ററിൽ എത്തി. 2025 ജനുവരി 12ന് ആയിരുന്നു റിലീസ്. പുതുമ ഒട്ടും ചോരാതെ തിയറ്ററുകളിൽ എത്തിയ മദ ഗജ രാജ തമിഴകത്തെ ഈ വർഷത്തെ ആദ്യ ഹിറ്റായി മാറി. മികച്ച കളക്ഷനും ചിത്രം സ്വന്തമാക്കുകയാണ്.
തമിഴകത്തെ ഞെട്ടിച്ച് മദ ഗജ രാജ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റേതായി പുതിയ അപ്ഡേറ്റും പുറത്തുവരികയാണ്. മദ ഗജ രാജയുടെ തെലുങ്ക് പതിപ്പ് റിലീസിന് ഒരുങ്ങുന്നുവെന്നതാണ് ഇത്. ജനുവരി 31ന് ചിത്രം തെലുങ്കിൽ റിലീസ് ചെയ്യും. ഇതോട് അനുബന്ധിച്ചുള്ള തെലുങ്ക് ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
സുന്ദർ സി സംവിധാനം ചെയ്യുന്ന വിശാല്‍ നായകനായ ചിത്രത്തിൽ അഞ്ജലി, വരലക്ഷ്മി ശരത്കുമാർ സന്താനം, സോനു സൂദ്, മണിവര്‍ണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, സദഗോപ്പൻ രമേഷ്, മുന്ന സൈമൺ, ജോൺ കോക്കൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെമിനി ഫിലിം സർക്യൂട്ട് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പൊങ്കാലിന് കുടുംബങ്ങള്‍ക്കായുള്ള ചിരിപ്പടം എന്ന നിലയില്‍ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ജനശ്രദ്ധ നേടിയിരുന്നു. സന്താനത്തിന്‍റെ കോമഡികള്‍ ഏറെ ശ്രദ്ധ നേടുന്നു എന്നാണ് വിവരം. പഴയ ചിത്രം എന്നൊരു പ്രശ്നവും ഇല്ലാതെ ചിത്രത്തിലെ കോമഡികള്‍ വര്‍ക്ക് ആകുന്നുവെന്നാണ് തമിഴ് റിവ്യൂകള്‍ പറയുന്നത്. ചിത്രം 50 കോടിക്ക് മുകളില്‍ തമിഴ്നാട്ടില്‍ തന്നെ കളക്ഷന്‍ നേടും എന്നാണ് വിവരം. ഫെബ്രുവരി ആദ്യം എത്തുന്ന വിഡാമുയര്‍ച്ചി വരെ ചിത്രത്തിന് വലിയ ഭീഷണിയില്ലെന്നാണ് വിലയിരുത്തല്‍.
