Asianet News MalayalamAsianet News Malayalam

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്‍തത്

actors supports survivor in actress attacked case
Author
Thiruvananthapuram, First Published Jan 10, 2022, 4:19 PM IST
  • Facebook
  • Twitter
  • Whatsapp

അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലയാള സിനിമയില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍. ടൊവീനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്‍മി, നിമിഷ സജയന്‍, ബാബുരാജ്, ആര്യ, സംവിധായകന്‍ ആഷിക് അബു ഡബ്യുസിസി അംഗങ്ങളായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ തുടങ്ങിയവരൊക്കെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പ് ഷെയര്‍ ചെയ്‍തുകൊണ്ടാണ് സഹപ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്നതായിരുന്നു നടിയുടെ കുറിപ്പ്.

നടിയുടെ കുറിപ്പ്

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്‍റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്‍തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്‍ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്‍ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാന്‍. എന്‍റെ ശബ്‍ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‍ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്‍തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‍നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

അതേസമയം ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്‍ത കേസില്‍ അന്വേഷണം തുടങ്ങി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‍പി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല. ഒന്നാം പ്രതിയായ നടൻ ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കെതിരെയാണ് ക്രമിനിൽ ഗൂഡാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുള്ളത്. എഫ്ഐആർ ഇന്ന് ആലുവ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിക്കും. ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ ഗൂഡാലോചന നടന്നുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി.

Follow Us:
Download App:
  • android
  • ios