മുംബൈ: വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് സുഹൃത്തുക്കൾക്കും സഹപ്രവർത്തർക്കും അശ്ലീല വീഡിയോ കോളുകള്‍ വിളിക്കുന്നുവെന്ന പരാതിയുമായി ഹിന്ദി സിനിമ-സീരിയല്‍ താരം സഞ്ജയ് ​ഗോസ്വാമി. ഫോണ്‍ ഹാക്ക് ചെയ്ത് തന്റെ കോണ്ടാക്റ്റിലുള്ള ആളുകളെയാണ് ഫോണ്‍ ചെയ്യുന്നത് എന്ന് മുംബൈ ഗോരേഗാവ് പൊലീസിൽ നൽകിയ പരാതിയിൽ താരം ആരോപിക്കുന്നു.

തിങ്കളാഴ്ച രാത്രി 12.15ന് മുംബൈ വിമാനത്താവളത്തിലായിരിക്കുന്ന സമയത്ത് ആറ് അക്ക ഒടിപി നമ്പർ മൊബൈലിൽ വന്നിരുന്നു. എന്നാൽ താനത് ശ്രദ്ധിക്കാതെ വിട്ടുകളയുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ഇന്റർനാഷണൽ കോളും വന്നിരുന്നു. അമേരിക്കയിലുള്ള സഹോദരനാണെന്നാണ് കരുതിയത്. എന്നാൽ, മുമ്പത്തെ ആറ് അക്ക ഒടിപി നമ്പർ തന്നെയായിരുന്നു ഫോൺ നമ്പർ. അതിനാൽ വേ​ഗത്തിൽ കോൾ കട്ട് ചെയ്തു. പിന്നീട് നിരവധി തവണ ഒടിപി നമ്പറും ഫോൺ കോളുകളും വരാൻ തുടങ്ങിയതോടെ ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നുവെന്ന് സ‍‍ഞ്ജയ് പറഞ്ഞു.

ഹാക്ക് ചെയ്തതോടെ അക്കൗണ്ട് ബിസിനസ്സ് അക്കൗണ്ടായി മാറ്റിയിട്ടുണ്ട്. പിന്നീട് സുഹൃത്തുക്കൾ‌ക്കുൾപ്പടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയും വീഡിയോ കോൾ വിളിക്കുകയുമായിരുന്നുവെന്ന് സഞ്ജയ് പരാതിയിൽ പറഞ്ഞു. തന്റെ നമ്പറിൽ നിന്ന് വന്ന വീഡിയോ കോൾ എടുത്ത സുഹൃത്താണ് ഹാക്കിങ് ചെയ്ത വിവരം തന്നെ ആദ്യമായി അറിയിക്കുന്നത്. പിന്നാലെ അശ്ലീല സന്ദേശങ്ങളും വീഡിയോ കോളുകളും വരുന്നുണ്ടെന്ന് പറഞ്ഞ് നിരവധി പേർ വിളിക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഇതുകൂടാതെ സഞ്ജയുടെ സുഹൃത്തുക്കളിൽ ചിലർക്ക് ഇത്തരത്തിൽ ഒടിപിയും ഫോൺ കോളുകളും വന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുർന്നാണ് സഞ്ജയ് പൊലീസിൽ പരാതി നൽകുന്നത്. തന്റെ വാട്സ്ആപ്പ് നമ്പറിൽ നിന്ന് വന്ന അശ്ലീല കോളുകൾക്കും സന്ദേശങ്ങൾക്കും സുഹൃത്തുകളോടും സഹപ്രവർത്തകരോടും ക്ഷമ ചോദിച്ച് സ‍ഞ്ജയ് രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല വിഡിയോ കോളുകള്‍ വിളിക്കുന്നുവെന്ന് ആരോപിച്ച് സീരിയല്‍ നടി തേജസ്വി പ്രകാശ് പൊലീസിൽ പരാതി നൽകിയിരുന്നു. നടിമാര്‍ ഉള്‍പ്പടെ നിരവധി സുഹൃത്തുക്കള്‍ക്ക് ഇത്തരത്തിലുള്ള കോളുകള്‍ വന്നെന്നും അവര്‍ തന്നെ വിളിച്ച് അറിയിച്ചെന്നുമായിരുന്നു ഒരു എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

തന്റെ കോണ്ടാക്റ്റിലുള്ള ആളുകളുമായി വളരെ സൗഹാര്‍ദ പരമായാണ് സംസാരിക്കുന്നത്. വാട്‌സാപ്പിലൂടെ ഒരു ലിങ്ക് ഷെയര്‍ ചെയ്തതിന് ശേഷം അവര്‍ക്ക് ലഭിക്കുന്ന കോഡ് ഷെയര്‍ ചെയ്യാന്‍ പറയും. അതോടെ അയാള്‍ വീഡിയോ കോള്‍ ചെയ്യും. ഇത് എടുത്താല്‍ നഗ്നനായ ആളെയാണ് കാണാന്‍ സാധിക്കുകയെന്നും സുഹൃത്തുക്കൾ പറഞ്ഞതായി താരം കൂട്ടിച്ചേർത്തു.